അയ്യപ്പ ഭക്തരെയും മാധ്യമപ്രവർത്തകരെയും തടയരുത് : സർക്കാരിനോട് ഹൈക്കോടതി

ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തരെയും മാധ്യമപ്രവർത്തകരെയും തടയരുതെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ചിത്തിര തിരുന്നാളിന്റെ ഭാഗമായി നട തുറക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.

അതേസമയം, ശബരിമലയിലെത്തിയ മാധ്യമ പ്രവർത്തകർക്ക് പൊലീസ് കൂടുതൽ വിലക്കേർപ്പെടുത്തി. തന്ത്രിയോടോ മേൽശാന്തിയോടോ സംസാരിക്കരുതെന്നാണ് പൊലീസ് മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുവതികൾ സന്നിധാനത്തെത്തി ആചാരലംഘനമുണ്ടായാൽ നട അടച്ച് ശുദ്ധകലശം നടത്തേണ്ടി വരുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഐ.ജി.അജിത്ത് കുമാറിനെ അറിയിച്ചിരുന്നു.

ഇതിനിടെ സന്നിധാനത്ത് പൊലീസ് മൊബൈൽ ജാമറുകളും ഘടിപ്പിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായാണ് ജാമറുകൾ ഘടിപ്പിക്കുന്നതെന്നാണ് പൊലീസിന്റെ വാദം.

രാവിലെ എരുമേലിയിൽ ഭക്തർ പ്രതിഷേധിച്ചതിനെ തുടർന്ന് എരുമേലി, കണമല എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ നിലയ്ക്കലിലേക്ക് കടത്തിവിട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് നിലയ്ക്കലിൽ നിന്ന് കെ.എസ്.ആർ.ടി.സിയും സർവീസ് ആരംഭിച്ചു.

ചിത്തിര ആട്ടത്തിരുനാളിന്റെ ഭാഗമായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ തണ്ടര്‍ ബോള്‍ട്‌സും ദ്രുതകര്‍മസേനയും 100 വനിതകളും ഉള്‍പ്പെടെ 2300 പൊലീസുകാരെയാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി നിയോഗിച്ചിരിക്കുന്നത്.

ഇന്നും നാളെയും തിരിച്ചറിയല്‍കാര്‍ഡില്ലാത്തവരെ നിലയ്ക്കല്‍ മുതല്‍ കടത്തിവിടില്ല. തീര്‍ഥാടകര്‍ അല്ലാത്തവരെയും നിലയ്ക്കല്‍ എത്തും മുന്‍പേ തിരിച്ചയയ്ക്കും. തീര്‍ഥാടകരെ ഇന്ന് ഉച്ചയോടെ മാത്രമെ പമ്പയിലേക്ക് കടത്തിവിടൂ. ഇരുമുടിക്കെട്ടില്ലാത്തവരെ തടയില്ലെന്നും പൊലീസ് വ്യക്തമാക്കി.

തുലാമാസ പൂജയോടനുബന്ധിച്ചുണ്ടായ സംഘര്‍ങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ സന്നിധാനത്ത് എത്തുന്നത് തടയാന്‍ മുഖം തിരിച്ചറിയാന്‍ സാധിക്കുന്ന അത്യാധുനിക കാമറകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിലും പമ്പയിലും വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷമുണ്ടായാല്‍ നേരിടുന്നതിനായി ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉതിര്‍ക്കുന്ന പ്രത്യേക വാഹനങ്ങളും നിലയ്ക്കലും പമ്പയിലും വിന്യസിച്ചിട്ടുണ്ട്.

നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നാളെ അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിനാണ് സുരക്ഷയുടെ മേല്‍നോട്ടച്ചുമതല. എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ ജോയിന്റ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍.അജിത് കുമാറിനും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി.അശോക് യാദവിനുമാണ് സുരക്ഷാച്ചുമതല.

error: Content is protected !!