മഴക്കാല മുന്നൊരുക്കം: ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വകുപ്പുകളിൽ നോഡൽ ഓഫീസർമാരെ നിയോഗിക്കും

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഓരോ വകുപ്പും ഒരു ജില്ലാതല നോഡൽ ഓഫീസറെ നിയമിച്ച് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താൻ നിർദേശം. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് ഈ നിർദേശം നൽകിയത്.
എല്ലാ വകുപ്പുകളും അവരിൽ നിക്ഷിപ്തമായ ദുരന്ത പ്രതികരണ ചുമതലകൾ പ്രകാരം വകുപ്പുതല തയ്യാറെടുപ്പുകൾ നടത്തുവാനും യോഗം നിർദേശിച്ചു.
വിവിധ വകുപ്പുകളുടെ അധീനതയിലുള്ള സ്ഥലത്തെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ച്‌ നീക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്നും ഇതിനാവശ്യമായ ഫണ്ട്‌ അതാത്‌ വകുപ്പുകൾ തന്നെ കണ്ടെത്തേണ്ടതാണെന്നും യോഗം അറിയിച്ചു.
പൊതു ഏകോപന ചുമതല റവന്യൂ വകുപ്പിനാണ്. ദുരിതാശ്വാസ വിതരണം, പഞ്ചായത്തുമായി ചേര്‍ന്ന് ക്യാമ്പുകൾ നടത്തുക, ക്യാമ്പ് നടത്തുന്നതിനുള്ള കെട്ടിടം പഞ്ചായത്തും വില്ലേജാഫീസറുമായി സഹകരിച്ച്   കണ്ടെത്തുക, ജില്ലാ തലത്തിലെയും താലൂക്ക് തലത്തിലേയും കണ്‍ട്രോള്‍ റൂം  സജ്ജമാക്കുക എന്നീ ചുമതലകൾ  റവന്യു വകുപ്പിനാണ്.
ദുരന്തം ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളും ആളുകളെയും കണ്ടെത്തി പട്ടിക തയ്യാറാക്കി സൂക്ഷിക്കേണ്ട ചുമതല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.
ക്യാമ്പുകള്‍ കണ്ടെത്തുക, ക്യാമ്പുകളുടെ പട്ടിക ഡി ഡി എം എ യെ അറിയിക്കുക. ഇതോടൊപ്പം ക്യാമ്പുകളുടെ ലൊക്കേഷനുകള്‍ പ്രദേശവാസികളെ അറിയിക്കുക, മണ്ണ് സംരക്ഷണ വകുപ്പ് കണ്ടെത്തുന്ന നീര്‍ച്ചാലുകളിലെ തടസ്സങ്ങള്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ നീക്കം ചെയ്യുക,  ഓടകള്‍ പരിശോധിച്ച്  സുഗമമായ നീരൊഴുക്ക് ഉറപ്പു വരുത്തുക,
സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കുന്നതിനും അപകടാവസ്ഥയിലുള്ള ബോര്‍ഡുകള്‍/ ബാനറുകള്‍ /തോരണങ്ങള്‍ എന്നിവ എത്രയും പെട്ടെന്ന്‌ നീക്കം ചെയ്യുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുക തുടങ്ങിയ കാര്യങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറായ ആളുകളുടെയും സന്നദ്ധ സംഘടനകളുടെയും പേര് വിവരങ്ങള്‍ ലഭ്യമാക്കി സൂക്ഷിക്കണമെന്നും നിർദേശിച്ചു.
കെട്ടികിടക്കുന്ന ജലവും പരിസരവും ശുചീകരിക്കുന്നതിനും കൊതുക് നിവാരണത്തിനും കുടിവെള്ള സ്രോതസ് അണു വിമുക്തമാക്കുന്നതിനും ആവശ്യമായ സാധനങ്ങള്‍ സ്വന്തം ചെലവില്‍ വാങ്ങി സൂക്ഷിക്കുക തുടങ്ങിയ ചുമതലകളും തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏല്പിച്ചു.
എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായുള്ള മാർഗ്ഗരേഖ ഉറപ്പാക്കുക, മഴക്കാല രോഗങ്ങള്‍ക്ക്‌ ആവശ്യമായ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും ഉണ്ട് എന്ന്‌ ഉറപ്പ്‌ വരുത്തുക, ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവ ഉറപ്പാക്കാൻ യോഗം ആരോഗ്യ വകുപ്പിനോട് നിർദേശിച്ചു.
റോഡ് നിർമാണ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ടു മഴക്കാലത്ത് അപകടകരമായ വെള്ളക്കെട്ടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുക, കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കൽ, ഓടകള്‍ വൃത്തിയാക്കാന്‍ തുറന്നിടുകയോ, സ്ലാബുകള്‍ തകരുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ അപകടമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യാൻ പൊതുമരാമത്ത് വകുപ്പിനോടും നാഷണൽ ഹൈവേ അതോറിറ്റിയോടും യോഗം ആവശ്യപ്പെട്ടു.
ഒഴിപ്പിക്കല്‍, തെരച്ചില്‍, രക്ഷാ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന്റെ ചുമതല എന്നിവ  പോലീസിനായിരിക്കും.
തദ്ദേശ സ്ഥാപന തലത്തിൽ അംഗപരിമിതരുടെയും കിടപ്പ് രോഗികളുടെയും വിവരം ശേഖരിച്ച് നൽകേണ്ട ചുമതല സാമൂഹ്യ നീതി വകുപ്പിനാണ്. അതാത്‌ പഞ്ചായത്തിലെ അംഗപരിമിതരുടെ പേര്‌, വിലാസം, മൊബൈല്‍ ഫോണ്‍ എന്നിവ അതാത്‌ പഞ്ചായത്ത്‌ സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവര്‍ക്ക്‌ നല്‍കണം.ആശാ വര്‍ക്കര്‍, അംഗന്‍വാടികളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക്‌ ഈ  വിവരം കൈമാറുകയും , ദുരന്ത സാഹചര്യ വിവരവും, മുന്നറിയിപ്പുകളും ഇവരുടെ വീടുകളില്‍ എത്തി എന്ന്‌ പ്രത്യേകം ഉറപ്പ്‌ വരുത്തുകയും വേണം. അതാത് തദ്ദേശ സ്ഥാപനങ്ങളിലെ കിടപ്പ് രോഗികള്‍, വാര്‍ദ്ധക്യകാല രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ എന്നിവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് നൽകണം.
വഴിയരികുകളിലും, കടത്തിണ്ണകളിലും ബസ്‌ സ്റ്റാന്റിലും അന്തിഉറങ്ങുന്ന ആളുകള്‍ക്ക്‌ മഴകാലത്ത്‌ രാത്രികാലങ്ങളില്‍ ഉറങ്ങാനും അത്താഴം നല്‍കുവാനും ഉള്ള സംവിധാനം തദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതും സാമൂഹ്യ നീതി വകുപ്പാണ്.
ജില്ലയിലെ എല്ലാ സ്കൂളുകളുടെയും ഫിറ്റ്നസ്സ് തദേശ-സ്വയംഭരണ പൊതുമരാമത്ത്‌ വകുപ്പ്‌ എഞ്ചിനീയറെകൊണ്ട്‌ പരിശോധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കണം , ഫിറ്റ്നസ്സ് ഇല്ലാത്ത കെട്ടിടങ്ങള്‍ സ്കൂളുകള്‍ നടത്തുവാന്‍ ഉപയോഗിക്കുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്തുക,
സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കുക, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക ,  സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്‌സ് എന്നിവ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കേണ്ട ചുമതലയും വിദ്യാഭ്യാസ വകുപ്പിനാണ്.
സ്‌കൂള്‍ ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്‌നസ് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു .
മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന്  മെയ് അവസാന വാരം വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.
യോഗത്തിൽ തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
error: Content is protected !!