കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനത്തിന് തുടക്കം

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനത്തിന് തുടക്കമായി. നവംബര്‍ 12 വരെ നീളുന്ന സമ്മേളനത്തില്‍ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കുക. 24 ദിവസമാണ് സഭ ചേരുക. ഇതില്‍ 19 ദിവസവും നിയമ നിര്‍മാണത്തിനും നാല് ദിവസം അനൗദ്യോഗിക അംഗങ്ങള്‍ക്കും ഒരു ദിവസം ഉപധനാഭ്യര്ഥനക്കുമാണ് നീക്കിെവച്ചിരിക്കുന്നത്. 45 ഓര്‍ഡിനന്‍സുകളാണ് നിലവില്‍. ഒരു ദിവസം നാല് ബില്ലുകള്‍ വരെ എടുക്കാനാണ് ആലോചന.
തൊഴിലുറപ്പ് ക്ഷേമനിധി, പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി ദേഭഗതികള്‍, നഗര-ഗ്രാമാസൂത്രണ ഭേദഗതി എന്നീ ബില്ലുകളാണ് തിങ്കളാഴ്ച പരിഗണിക്കുക. ചൊവ്വാഴ്ച ചരക്ക് സേവന നികുതി, വില്പന നികുതി ഭേദഗതി, ധനഉത്തരവാദ ഭേദഗതി എന്നീ ബില്ലുകള്‍ പരിഗണിക്കും. മറ്റ് ദിവസങ്ങളില്‍ പരിഗണിക്കുന്ന ബില്ലുകള്‍ കാര്യോപദേശക സമിതി യോഗം തീരുമാനിക്കും.
പുരാവസ്തുവിന്റെ പേരിലെ തട്ടിപ്പടക്കം വിവാദങ്ങളുടെ മലവെള്ളപ്പാച്ചിലിനിടെ അതിന്റെ പ്രതിഫലനം സഭയിലുമുണ്ടാകും. ഉന്നത ഉദ്യോഗസ്ഥര്‍ വരെ മോന്‍സണിന്റെ മ്യൂസിയത്തില്‍ എത്തിയതടക്കം പൊലീസിനെതിരെ വന്ന ആക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിന് മറുപടി പറയേണ്ടി വരും. എന്നാല്‍, കെ.പി.സി.സി പ്രസിഡന്റ് കൂടി വിവാദത്തില്‍പെട്ടത് പ്രതിപക്ഷത്തിന് പരിമിതി സൃഷ്ടിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സമ്മേളനം നടക്കുക. പരിമിതമായി സന്ദര്‍ശകരെയും അനുവദിക്കും. കോവിഡ് മൂലമാണ് ഇത്രയും അധികം ഓര്‍ഡിനന്‍സുകള്‍ വന്നത്. ഇത് നിയമമാക്കാന്‍ പ്രത്യേക സമ്മേളനം ചേരണമെന്ന് സ്പീക്കര്‍ റൂള്‍ ചെയ്തിരുന്നു.