സിംഗു അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിന് നേരെ വെടിവയ്പ്

ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവയ്‌പ്പെന്ന് റിപ്പോര്‍ട്ട്. കര്‍ഷക സമര വേദിക്ക് സമീപമാണ് വെടിവയ്പ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് തവണ വെടിയുതിര്‍ത്തെന്ന് കര്‍ഷകര്‍. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

ഹരിയാന അതിര്‍ത്തിയിലെ സിംഗു അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകര്‍ക്ക് നേരെയാണ് രാത്രി അജ്ഞാതസംഘം വെടിയുതിര്‍ത്തത്. കാറിലെത്തിയ സംഘമാണ് വെടിവെച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഹരിയാനയിലെ കുണ്ട്‌ലിയില്‍ നിന്നും പോലിസ് സേന സ്ഥലത്തെത്തി.

സംഭവത്തെക്കുറിച്ച്‌ പോലിസ് അന്വേഷണം തുടങ്ങി. പഞ്ചാബില്‍ നിന്നുള്ള സംഘമാണ് കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പോലിസിന്റെ നിഗമനം. കാറിന്‍റെ നമ്പര്‍ പ്ലേറ്റ് പഞ്ചാബില്‍ നിന്നുള്ളതാണെന്നും പോലിസ് സൂചിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന സമരം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച്‌ വനിതകളാകും ഇന്ന് കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കുക. ഇതിനായി പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകരാണ് ഡല്‍ഹിയില്‍ എത്തിച്ചേരുന്നത്

സിംഗു, ടിക്രി, ഗാസിപുര്‍ തുടങ്ങിയ പ്രതിഷേധ കേന്ദ്രങ്ങളിലേക്കാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതകള്‍ എത്തുക. അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.

error: Content is protected !!