ഉഷ്ണതരംഗ ഭീഷണി:  തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന

സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തൊഴില്‍ വകുപ്പ് വ്യാപക പരിശോധന നടത്തി. കെട്ടിട നിര്‍മ്മാണം, റോഡ് നിര്‍മ്മാണം എന്നീ മേഖലകളിലാണ് പരിശോധന കര്‍ശനമാക്കിയത്. 30 ഓളം സ്ഥാപനങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പരിശോധന നടത്തി. വെയിലുള്ള ഭാഗങ്ങളില്‍ പകല്‍ 12 മണി മുതല്‍ ഉച്ച തിരിഞ്ഞ് മൂന്ന് വരെ ജോലി ചെയ്യുന്നതാണ് നിര്‍ത്തി വെപ്പിക്കുന്നത്. പരിശോധന നടന്ന ഭൂരിഭാഗം സ്ഥലത്തും തൊഴിലാളികള്‍ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉദേ്യാസ്ഥര്‍ പറഞ്ഞു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ നിയമം തെറ്റിച്ച് ജോലി ചെയ്യിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമയ ക്രമം പാലിക്കുവാന്‍ അവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. നിലവില്‍ രാവിലെ  ഏഴ് മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഏഴ് മണി വരെയാണ് ജോലിസമയം ക്രമീകരിച്ചിട്ടുള്ളത്. ജില്ലാ ലേബര്‍ ഓഫീസര്‍ എം സിനി, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ സി വിനോദ് കുമാര്‍, അസി.ലേബര്‍ ഓഫീസര്‍ ഗ്രേഡ് ഒന്ന് വി ദിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിവരുന്നത്. മെയ് 15 വരെ പരിശോധന തുടരും. നിയമം ലംഘിച്ച് തൊഴില്‍ ചെയ്യിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!