ഇരട്ടവോട്ടില്‍ ചെന്നിത്തലയുടെ ഹര്‍ജിയില്‍ നാളെ വിധി: ഇരട്ടവോട്ടുകള്‍ 38,586 മാത്രമെന്ന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ വരും.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക.

ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിധി പറയാന്‍ തീരുമാനിച്ചത്.

38,586 ഇരട്ടവോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ ഇതുവരെ കണ്ടെത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് തടയാനുള്ള നടപടികള്‍ ഉണ്ടാവും. ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖാമൂലം കോടതിയെ അറിയിച്ചത്. ഇരട്ട വോട്ട് തടയുന്നതിനുള്ള നാല് നിര്‍ദേശങ്ങള്‍ രമേശ് ചെന്നിത്തല കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ബിഎല്‍ഒമാര്‍ ഇരട്ട വോട്ടുള്ള വോട്ടര്‍മാരുടെ വീട്ടിലെത്തി അവര്‍ ഏത് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് അറിയുകയും അക്കാര്യം രേഖാമൂലം എഴുതി ഒപ്പിട്ടു വാങ്ങുകയും വേണം. തുടര്‍ന്ന് ഇക്കാര്യം ബന്ധപ്പെട്ട പ്രസൈഡിങ് ഓഫീസറെ അറിയിക്കണം. വോട്ടര്‍ വോട്ട് ചെയ്യാനെത്തുമ്ബോള്‍ വോട്ടറുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുകയും സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്യണം. വോട്ടെടുപ്പിന് ശേഷം ഈ ഫോട്ടോകള്‍ പരിശോധിച്ച്‌ ഇരട്ട വോട്ട് നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തണം. സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ ഇത് വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നുമായിരുന്നു ചെന്നിത്തല നല്‍കിയ നിര്‍ദേശങ്ങള്‍.

error: Content is protected !!