സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥകൾക്കും സ്ഥിര കമ്മീഷൻ നിയമനം: ഉത്തരവുമായി സുപ്രിം കോടതി

കരസേനയിലെ വനിതാ ഉദ്യോഗസ്ഥകൾക്കും സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രിം കോടതി.

കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. രാജ്യത്തിന് വേണ്ടി ബഹുമതികൾ വാങ്ങിയവരെ സ്ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ലഭിക്കാന്‍ ആവശ്യപ്പെടുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. സൈന്യത്തില്‍ സ്ഥിരം കമ്മീഷന് വേണ്ടി 80 ഓളം വനിതാ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

പുരുഷന്മാര്‍, പുരുഷന്മാര്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണ് നമ്മുടെ സമൂഹത്തിന്‍റെ ഘടനയെന്ന് കോടതി വിമര്‍ശിച്ചു. കോടതിയുടെ മുന്‍ വിധി പാലിച്ചില്ലെന്ന് ആരോപണ നേരിടുന്നവര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

ഒരുപാട് വനിതാ ഓഫീസര്‍മാര്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. കായിക ഇനങ്ങളില്‍ മികവ് പുലര്‍ത്തുന്നവരെ അവഗണിച്ചതായും കോടതി കണ്ടെത്തി. വിധിന്യായത്തില്‍ സ്ത്രീകള്‍ നേടിയ നേട്ടങ്ങളുടെ വിശദമായ പട്ടിക നല്‍കിയിട്ടുണ്ട്

സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി കഴിഞ്ഞവര്‍ഷം ഉത്തരവിട്ടിരുന്നു. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍ പദവികള്‍ നല്‍കാന്‍ 2010-ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിരോധമന്ത്രാലയം നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി.

സ്ത്രീകളുട ശാരീരിക സവിശേഷതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്‍റെ എതിര്‍പ്പിനെ കോടതി നിരാകരിച്ചിരുന്നു. സര്‍ക്കാരിന്‍റെ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

error: Content is protected !!