ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി സമ്മാനത്തുക തട്ടുന്നത് പതിവാക്കിയ ഇരിക്കൂര്‍ സ്വദേശി പിടിയിൽ.

പയ്യന്നൂർ ∙ ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി ഏജന്റുമാരിൽ നിന്നു പണം തട്ടിയെടുത്ത കേസിൽ ഇരിക്കൂർ പെരുവളത്തുപറമ്പിലെ പുറക്കണ്ടി ഹൗസിൽ പി.കെ. റഷീദിനെ എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടി. കഴിഞ്ഞ 2 ദിവസങ്ങളിലായി പയ്യന്നൂർ ടൗണിലും പരിസരങ്ങളിലും ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി ഏജന്റുമാരിൽ നിന്നു സമ്മാനം തട്ടിയെടുത്ത റഷീദിനെ ഇന്നലെ രാവിലെ മദ്യവിൽപനശാലയുടെ സമീപത്തു വച്ചു വീണ്ടും തട്ടിപ്പു നടത്താൻ ശ്രമിക്കുന്നതിനിടെയാണു പൊലീസ് പിടികൂടിയത്.
500 രൂപയുടെയും 1000 രൂപയുടെയും സമ്മാനങ്ങളാണ് തിരുത്തിയ ടിക്കറ്റ് ഉപയോഗിച്ച് റഷീദ് വാങ്ങിയത്. തട്ടിപ്പിനു കൂടുതലും ഇരയായത് ശാരീരിക വൈകല്യമുള്ള ലോട്ടറി വിൽപ്പനക്കാരായിരുന്നു. അവർക്കു തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിനു നൽകാൻ കഴിയാതിരുന്നത് റഷീദിന് വളമായി. കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായ അന്നൂരിലെ യു. രാമചന്ദ്രന്റെ പരാതിയിൽ കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തിയത്. പലയിടത്തെയും സിസിടിവി പൊലീസ് പരിശോധിച്ചു.

ഈ പരിശോധനയിൽ 2018ൽ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പയ്യന്നൂരിലെ നിലവിലുള്ള എസ്ഐ ശ്രീജിത്ത് കൊടേരി സമാന കേസിൽ അറസ്റ്റ് ചെയ്ത പ്രതിയാണിതെന്നു മനസ്സിലായി. തുടർന്നാണ് റഷീദിനെ പിടികൂടാൻ പൊലീസ് ഇന്നലെ രാവിലെ മുതൽ ശ്രമം തുടങ്ങിയത്. പിടികൂടിയ റഷീദിൽ നിന്ന് നമ്പർ തിരുത്തിയ 20 ടിക്കറ്റുകളും പൊലീസ് കണ്ടെടുത്തു. വ്യാജ രേഖ നിർമിക്കൽ, അതുപയോഗിച്ചു വഞ്ചിക്കൽ എന്നീ വകുപ്പുകൾ ചേർത്താണു പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐക്കൊപ്പം അഡീഷനൽ എസ്ഐ വിജയനും പൊലീസ് സംഘത്തെ നയിച്ചു.

error: Content is protected !!