കാലാവസ്ഥ പ്രതികൂലമായാലും കണ്ണൂരില്‍ ഇനി വിമാനമിറങ്ങും.

കണ്ണൂർ ∙ പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങളെ സുരക്ഷിതമായി പറന്നിറങ്ങാൻ സഹായിക്കുന്ന ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) കണ്ണൂർ വിമാനത്താവളത്തിലെ രണ്ടാമത്തെ റൺവേയിലും സ്ഥാപിക്കുന്നു. എയർപോർട്ട് അതോറിറ്റി സംഘം ഇന്നും നാളെയും വിമാനത്താവളത്തിൽ പരിശോധന നടത്തും. മേയ് 29 നു രാത്രി മുംബൈയിൽ നിന്നെത്തിയ ഗോ എയർ വിമാനം കനത്ത കാറ്റുമൂലം കണ്ണൂരിൽ ഇറങ്ങാൻ സാധിക്കാതെ കൊച്ചിയിലേക്കു വഴിതിരിച്ചുവിട്ടിരുന്നു. ഐഎൽഎസ് സംവിധാനമുള്ള റൺവേയിൽ ആ സമയത്ത് ഒഴിവുണ്ടായിരുന്നില്ല.

രണ്ടു റൺവേകളിലും ഐഎൽഎസ് വരുന്നതോടെ ഒരേ സമയം കൂടുതൽ വിമാനങ്ങൾക്കു ലാൻഡ് ചെയ്യാം. കണ്ണൂരിലേക്കു കൊണ്ടുവരാനായി ഐഎൽഎസ് സംവിധാനം എയർപോർട്ട് അതോറിറ്റി വാങ്ങിക്കഴിഞ്ഞു. രണ്ടു കോടിയോളം രൂപയാണു വില. ജനുവരിയോടെ സ്ഥാപിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ രണ്ടു റൺവേകളിലും ഐഎൽഎസ് ഉണ്ട്. കൊച്ചിയിൽ കഴിഞ്ഞ വർഷമാണു രണ്ടാമത്തെ റൺവേയിൽ ഐഎൽഎസ് സ്ഥാപിച്ചത്. പ്രവർത്തനം ആരംഭിച്ച് ഒരുവർഷം പൂർത്തിയാകും മുൻപു തന്നെ കണ്ണൂരിലെ രണ്ടാം റൺവേയിലും ഐഎൽഎസ് സ്ഥാപിക്കുന്നതു മുഖ്യമന്ത്രി പ്രത്യേകം താൽപര്യമെടുത്താണ്.

error: Content is protected !!