ഫ്രാങ്കോ……… 5968

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന‌് ഇനി റിമാൻഡ‌് കാലാവധി കഴിയുന്നതുവരെ പാലാ സബ് ജയിലില്‍. ഫ്രാങ്കോ അന്തി ഉറങ്ങിയത് സെല്ലിലെ തറയില്‍.  സി ക്ലാസ് ജയിലായതിനാൽ സെല്ലുകളിൽ കട്ടിലില്ല. പായയും വിരിക്കാൻ കട്ടിയുള്ള തുണിയുമാണ് തടവുകാർക്ക് നൽകുന്നത‌്. തലയിണയില്ല.5968‐ാം നമ്പർ റിമാൻഡ‌് പ്രതിയായി സബ്ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ് ഫ്രാങ്കോ.

ബലാത്സംഗകുറ്റത്തിനാണ് ബിഷപ്പ് ജയിലിലായതെങ്കിൽ സഹതടവുകാർ മദ്യപിച്ച് പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കിയ കേസിലും അതിർത്തി തർക്കത്തെതുടർന്നുള്ള സംഘർഷത്തിലുമാണ് അകത്തായത്.

പാലാ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തീകരിച്ച് പകൽ 2.25 നാണ് ബിഷപ്പിനെ സബ്ജയിലിൽ എത്തിച്ചത്. ഇവിടെ എത്തിയ ശേഷമായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്. മീൻകറി കൂട്ടിയുള്ള ഊണായിരുന്നു ജയിൽ മെനു പ്രകാരം തിങ്കളാഴ്ച ഉച്ചഭക്ഷണം. ചോറിനൊപ്പം അവിയൽ, തോരൻ, പുളിശേരി എന്നിവയും നൽകി. വൈകിട്ട് മെനു പ്രകാരമുള്ള ചായയും നൽകി.

കോടതിയിൽ ഹാജരാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രം മാറ്റി ജയിലിലേക്ക് പോരുമ്പോൾ കൂടെ കരുതിയ പൈജാമയാണ് ധരിച്ചത്. രാത്രി ചോറും കപ്പയുമായിരുന്നു ഭക്ഷണം. ചൊവ്വാഴ്ച പ്രഭാതഭക്ഷണം ഉപ്പുമാവും പഴവുമാണ്. ചായയുമുണ്ട്.

തിങ്കളാഴ്ച രാവിലെ വരെ 46 തടവുകാരാണ് പാലാ സബ്ജയിലിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചു പേരെ പിന്നീട് പൊൻകുന്നം സബ്ജയിലിലേക്ക് മാറ്റിയ ശേഷമാണ് ബിഷപ്പിനെ കൊണ്ടുവന്നത്. ആകെ ഒൻപതു സെല്ലാണ് ഉള്ളത്.

 

error: Content is protected !!