വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സമ്പൂര്‍ണ ശുചീകരണ ക്യാമ്പയിനുമായി മയ്യില്‍

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമ്പൂര്‍ണ ശുചീകരണ പദ്ധതിയുമായി മയ്യില്‍ ഗ്രാമ പഞ്ചായത്ത്. ഒക്ടോബര്‍ 1,2,3 തീയതികളിലായി വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ സംഘടിപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ശുചിത്വ അസംബ്ലി സംഘടിപ്പിക്കും. ഗാന്ധി ജയന്തി ദിനത്തില്‍ രാവിലെയാണ് ശുചിത്വ അസംബ്ലി നടത്തുക. അസംബ്ലിയില്‍ ശുചിത്വ പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് സ്‌കൂള്‍ ശുചീകരണം നടക്കും.
കൂടാതെ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ ഹരിത ഓഫീസ് ആക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ഒരൊറ്റ ദിവസം ഒരൊറ്റ മണിക്കൂര്‍ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി  ഒന്നിന് പഞ്ചായത്തിലെ 18 വാര്‍ഡുകളിലെയും ഓരോ കേന്ദ്രങ്ങളില്‍ ശുചീകരണം നടക്കും. വാര്‍ഡു പരിധിയിലുള്ള സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഇതിന്റെ ഭാഗമായി ശുചീകരിക്കും. ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിനായി മുഴുവന്‍ വാര്‍ഡുകളിലും ജാഗ്രത സമിതികള്‍ രൂപീകരിച്ചു. മയ്യില്‍ ടൗണിലെ മുഴുവന്‍ കടകളിലും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്തു.

ചവനപ്പുഴ സ്‌കൂളിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി

ചവനപ്പുഴ പി വി കെ എന്‍ എസ് ഗവ എല്‍ പി സ്‌കൂളിന് കൂടുതല്‍ ക്ലാസ്സ്റൂമുകള്‍ ഒരുക്കുന്നതിനായി എം വി ഗോവിന്ദന്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു. നിലവിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ക്ലാസ്സ്റൂമുകള്‍ ഒരുക്കുക. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചതിനനുസരിച്ച് മുറികളില്ലാത്ത സാഹചര്യത്തിലാണ് പുതിയ മുറികള്‍ നിര്‍മിക്കാന്‍ തീരുമാനമായത്. നേരത്തെ ഒന്ന് മുതല്‍ നാല് വരെയായിരുന്നു ക്ലാസുകള്‍ പ്രവര്‍ത്തിച്ചത്. ഈ അധ്യയന വര്‍ഷം പ്രീപ്രൈമറി ക്ലാസുകള്‍ ആരംഭിച്ചു. ഉടന്‍ തന്നെ നിര്‍മ്മാണ പ്രവൃത്തിയാരംഭിക്കും.

ചുരം ശുചീകരണ യജ്ഞം മാറ്റി

കണിച്ചാര്‍, കോളയാട് ഗ്രാമ പഞ്ചായത്തുകളില്‍ കൂടി കടന്നു പോകുന്ന വയനാട് ചുരം റോഡിലെ ചന്ദനത്തോട് മുതല്‍ നിടുംപൊയില്‍ വരെയുള്ള റോഡരികുകളിലും വനത്തിലുമുളള മാലിന്യ കൂനകള്‍ ശുചീകരിക്കാന്‍ ഒക്ടോബര്‍ രണ്ടിന് നടത്താന്‍ തീരുമാനിച്ച ശുചീകരണ യത്‌നം പ്രതികൂല കാലാവസ്ഥ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.

ട്രാവല്‍ ഫോര്‍ ലൈഫ്’ പ്രമോഷന്‍ ക്യാമ്പയിന്‍ രണ്ടിന്കേന്ദ്ര ടൂറിസം മന്ത്രാലയം സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടി ഒക്ടോബര്‍ രണ്ടിന് രാവിലെ 9.30 ന് അഴീക്കോട് ചാല്‍ ബീച്ചില്‍ നടക്കും. ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് ടൂറിസം മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ‘ട്രാവല്‍ ഫോര്‍ ലൈഫ് ‘ന്റെ പ്രമോഷന്‍ ക്യാമ്പയിനും ഇതോടൊപ്പം നടക്കും. ടൂറിസം സംരംഭകര്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍, ടൂറിസം ക്ലബ്ബ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റുകള്‍, സ്റ്റുഡന്റ് പോലീസ്, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഡി ടി പി സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04972706336, 9447564545, 8590855255.

ലോഗോ ക്ഷണിച്ചു

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ശുചിത്വ ബ്രിഗേഡ് പദ്ധതിക്ക് ലോഗോ ക്ഷണിച്ചു. എ4 സൈസ് പേപ്പറില്‍ വരച്ച് തയ്യാറാക്കിയ ലോഗോകള്‍ മാത്രമെ അംഗീകരിക്കു. ലോഗോയുടെ ചുവടെ തയ്യാറാക്കിയ ആളുടെ പേരും, വിലാസവും, ഫോണ്‍ നമ്പറും നിര്‍ബന്ധമായും ചേര്‍ക്കണം, വിദ്യാര്‍ഥികള്‍ ആണെങ്കില്‍ സ്‌കൂളിന്റെ പേര് ചേര്‍ക്കണം. ലോഗോ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ നാല്.

ഫീല്‍ഡ് വര്‍ക്കര്‍ ഒഴിവ്

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയില്‍ തലശ്ശേരി മേഖലയില്‍ ഫീല്‍ഡ് വര്‍ക്കര്‍ ഒഴിവ്. യോഗ്യത എട്ടാം  ക്ലാസ്, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവൃത്തിപരിചയം. നഴ്‌സിംഗ് യോഗ്യതയുള്ള പുരുഷന്മാര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 10.30ന് കണ്ണൂര്‍ ടൗണിന് അടുത്തുള്ള അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസില്‍ നേരിട്ട് ഹാജരാകുക. ഫോണ്‍: 9847401207

ക്വട്ടേഷന്‍

കേരള ഖരമാലിന്യ പരിപാലന പദ്ധതി ജില്ലാ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിലെ ഉപയോഗത്തിനായി ലാപ്ടോപ്പ് വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ. ഫോണ്‍: 8289887426, 9447042436

സംഘാടക സമിതി യോഗം 3ന്

ജില്ലാ വ്യവസായ കേന്ദ്രം നോര്‍ക്ക എന്നിവരുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. കെ വി സുമേഷ് എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്യും.

വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് തളിപ്പറമ്പ്, പാനൂര്‍, ഇരിട്ടി ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുള്ളവര്‍ കെവിസി രജിസ്‌ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ മൂന്നിന് രാവിലെ 11.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

സ്വയംതൊഴില്‍ ഗ്രൂപ്പുകള്‍ക്ക് ധനസഹായം

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പട്ടികജാതി സ്വയംതൊഴില്‍ ഗ്രൂപ്പുകള്‍ക്ക് ധനസഹായം എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ  ഗ്രാമപഞ്ചായത്തുകളിലുള്ള പട്ടികജാതിക്കാരുടെ ഗ്രൂപ്പായിരിക്കണം. അഞ്ചോ അതില്‍ കൂടുതലോ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം.  ഗ്രൂപ്പ് അംഗങ്ങള്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരും 18നും 59നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതേ ആവശ്യത്തിന് ആനുകൂല്യം ലഭിച്ചിട്ടുണ്ടാകരുത്. അടങ്കല്‍ തുകയുടെ അഞ്ച് ശതമാനം തുക ഗുണഭോക്താക്കള്‍ ഗുണഭോക്തൃ വിഹിതമായി  അടക്കണം.  രൂപീകരിച്ച് മൂന്ന് മാസം കഴിഞ്ഞ ഗ്രൂപ്പുകള്‍ക്കും ഏതെങ്കിലും പരിശീലനം ലഭിച്ച ഗ്രൂപ്പുകള്‍ക്കും സ്ത്രീ കുടുംബനാഥയായിട്ടുള്ള ഗ്രൂപ്പുകള്‍ക്കും മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഗ്രൂപ്പ്, അംഗങ്ങളുടെ ജാതി, നേറ്റിവിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍, റേഷന്‍ കാര്‍ഡ്, ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങളും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഒക്ടോബര്‍ 13 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍:0497 2700596.

വയോജനദിനാചരണം ഒന്നിന്

സാമൂഹ്യനീതി വകുപ്പില്‍ നേതൃത്തില്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ വയോജനദിനാചരണം ഒക്ടോബര്‍ ഒന്നിന് നടക്കും. അഴീക്കോട് ഗവ.വൃദ്ധമന്ദിരത്തില്‍ രാവിലെ 10 മണിക്ക് കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ അധ്യക്ഷത വഹിക്കും. സബ് കലക്ടര്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥിയാകും.

ഡി എല്‍ എഡ് മാഹി ക്വാട്ട; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023-25 വര്‍ഷത്തേക്കുളള ഡി എല്‍ എഡ്  മാഹി ക്വാട്ട/ സ്പോര്‍ട്സ് ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്റര്‍വ്യൂ ഒക്ടോബര്‍ മൂന്നിന് വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, അധിക യോഗ്യതയുളളവര്‍ ആയതിന്റെ രേഖകളുടെ അസ്സല്‍ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങള്‍ WWW.ddekannur.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2705149.

വയോജന കലാമേള സംഘടിപ്പിക്കും

ദേശീയ വയോജന ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് വയോജന കലാമേള സംഘടിപ്പിക്കുന്നു. 60 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ ചടങ്ങില്‍ ആദരിക്കും. ചേലേരി യു പി സ്‌കൂളില്‍ നടക്കുന്ന പരിപാടി സിനിമാ സംഗീതസംവിധായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുല്‍ മജീദ് അധ്യക്ഷനാകും.  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു മോട്ടിവേഷന്‍ ക്ലാസ് നയിക്കും.

പ്രവേശനം പരിമിതപ്പെടുത്തി

ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡ് നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ സ്ത്രീകളുടെ കിടത്തി ചികിത്സക്കുള്ള പ്രവേശനം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരിമിതപ്പെടുത്തിയിരിക്കുന്നു. ആശുപത്രിയിലെ മറ്റു വിഭാഗങ്ങളിലെ സേവനങ്ങള്‍ക്ക് മാറ്റമില്ല. ഫോണ്‍: 04972706666

error: Content is protected !!