വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

യുഎസ് ടാക്‌സേഷനിൽ തൊഴിലിന് 

അസാപിന്റെ എൻറോൾഡ് ഏജൻറ് കോഴ്‌സ്

യുഎസ് ടാക്‌സേഷനിൽ തൊഴിലിന് സഹായിക്കുന്ന, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് നടത്തുന്ന എന്റോൾഡ് ഏജന്റ് കോഴ്‌സിലേക്ക് കോമേഴ്‌സ്, ഫിനാൻസ് ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും അവസാനവർഷ ബിരുദ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അമേരിക്കൻ ഫെഡറൽ ഏജൻസിയായ ഐആർഎസിന് മുമ്പ് നികുതിദായകരെ പ്രതിനിധീകരിക്കാൻ അധികാരമുള്ള പ്രൊഫഷണലാണ് എൻറോൾഡ് ഏജന്റ്. നികുതി ശേഖരണത്തിനും നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും ഇവർ മേൽനോട്ടം വഹിക്കുന്നു. കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക് https://tinyurl.com/EnrolledagntASAPKannur അസാപിന്റെ ഹയർ ആന്റ് ട്രെയിൻ പദ്ധതിയിലൂടെ കോഴ്‌സിൽ പ്രവേശനം നേടുമ്പോൾ തന്നെ കണ്ടീഷണൽ ഓഫർ ലെറ്ററോടെ കരിയർ ആരംഭിക്കാം. കൂടുതൽ വിവരങ്ങൾക്ക് അസാപ് കേരളയുടെ വെബ്സൈറ്റ് www.asapkerala.gov.in സന്ദർശിക്കുക ഫോൺ: 9495999708, 9495999661, 9495999627, 9495999692.

അഗ്‌നിവീർ/ആർമി രജിസ്ട്രേഷൻ ക്യാമ്പ് 20 വരെ

അഗ്‌നിവീർ/ആർമി റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള പ്രാഥമിക രജിസ്ട്രേഷന് കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസ് മുഖേന മാങ്ങാട്ടുപറമ്പ കെ എ പി ബറ്റാലിയൻ ഗ്രൗണ്ടിൽ ക്യാമ്പ് നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് മാർച്ച് 20 വരെ രാവിലെ 8.30 മുതൽ അസ്സൽ വിദ്യാഭ്യാസ രേഖകളും ആധാർ, പാസ്പോർട്ട് സൈസ് ഫോട്ടാ, അപേക്ഷാ ഫീസായ 250 രൂപയും സഹിതം കെ എ പി ബറ്റാലിയൻ ഗ്രൗണ്ടിൽ ഹാജരാകാം.

ഹോം ഗാർഡ്സ് നിയമനം

ജില്ലയിൽ പൊലീസ്/ ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് വകുപ്പുകളിൽ ഹോംഗാർഡ്സ് വിഭാഗത്തിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ പുരുഷ/ വനിത ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത: ആർമി/ നേവി/ എയർഫോഴ്സ്/ബിഎസ്എഫ്/ സിആർപിഎഫ്/സിഐഎസ്എഫ്/എൻഎസ്ജി/എസ്എസ്ബി/ആസ്സാം റൈഫിൾസ് എന്നീ അർധ സൈനിക വിഭാഗങ്ങളിൽ നിന്നോ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നോ വിരമിച്ച സേനാംഗമായിരിക്കണം.  വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി/തത്തുല്യം.  പ്രായം 35നും 58നും ഇടയിൽ.
അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയിൽ പതിക്കണം), ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ/ മുൻ സേവനം തെളിയിക്കുന്ന രേഖയുടെ പകർപ്പ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അസി.സർജന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസർ നൽകിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം ജില്ലാ ഫയർ ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി: മാർച്ച് 31.
യോഗ്യരായ ഉദ്യോഗാർഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. 100 മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടിയെത്തുക, മൂന്ന് കിലോമീറ്റർ ദൂരം 30 മിനിറ്റിനുള്ളിൽ നടന്ന് എത്തുക എന്നിവയാണ് കായിക ക്ഷമതാ പരീക്ഷ.  ഫോൺ: 0497 2701092.

സംരംഭകർക്ക് ഏകദിന ശിൽപശാല

ജില്ലാ പഞ്ചായത്ത് ഇൻവെസ്റ്റേഴ്സ് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഭക്ഷ്യ കാർഷിക വ്യവസായ മേഖലയിലെ സംരംഭകർക്കായി ഉൽപന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഏകദിന ശിൽപശാല മാർച്ച് 16ന് രാവിലെ 10 മണിക്ക്  ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തും. താൽപര്യമുള്ള സംരഭകർക്ക് പങ്കെടുക്കാം. ഫോൺ: 9188952109, 9188952110.

കെൽട്രോൺ കോഴ്‌സുകൾ

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആൻഡ് ആനിമേഷൻ  ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിസിഎ, വേഡ് പ്രൊസസിങ് ആൻഡ് ഡാറ്റാ എൻട്രി, ടാലി വിത്ത് എം എസ് ഓഫീസ് കോഴ്സുകളിലേക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിറ്റുകളുമായി നേരിട്ട് ഹാജരാവുക. ഫോൺ: 0490 2321888, 9400096100.
കെൽട്രോണിന്റെ തളിപ്പറമ്പ നോളജ് സെന്ററിൽ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ടാലി+ എം എസ് ഓഫീസ്), ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: എസ് എസ് എൽ സി/ പ്ലസ്ടു/ ഡിഗ്രി/ പി ജി.  ഫോൺ: 9072592458, 0460 2205474.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ വിവിധ വകുപ്പുകളിൽ ആയ തസ്തികയിലേക്ക് പി എസ് സി 2022 മെയ് 15, 28, ജൂൺ 11, 19, ജൂലൈ രണ്ട്, 16 തീയതികളിൽ നടത്തിയ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

മൊബൈൽ ഫോട്ടോഗ്രാഫി മത്സര വിജയികൾ

വനിതാ ദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലാ ശുചിത്വമിഷൻ ഹരിതകർമ്മസേന-വനിതാ ദിനത്തിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ പൊതുവിഭാഗത്തിൽ ലീന ജലേഷ് (കുഞ്ഞിമംഗലം), ഹരിതകർമസേന വിഭാഗത്തിൽ ശ്രീകണ്ഠപുരം നഗരസഭ ഹരിത കർമസേനാംഗം കെ ഒ ഷീജാമോൾ എന്നിവർ ഒന്നാം സ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനം ഏപ്രിൽ മാസം നടക്കുന്ന പൊതുചടങ്ങിൽ വിതരണം ചെയ്യുമെന്ന് ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ എം സുനിൽകുമാർ അറിയിച്ചു.

ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി

അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെൻറും നടത്തുന്ന മൂന്ന് വർഷത്തെ ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. താൽപര്യമുള്ളവർ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്‌റ്റൈൽ സെന്റർ, നാടുകാണി, പളളിവയൽ പി ഒ, തളിപ്പറമ്പ 670142 എന്ന വിലാസത്തിൽ ബന്ധപ്പെടുക.  ഫോൺ: 8301030362, 9744917200, 0460 2226110.

ടെണ്ടർ

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തളിപ്പറമ്പ കയ്യംതടത്ത് പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അടുത്ത അധ്യയന വർഷം അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കും ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കും യൂണിഫോം മെറ്റീരിയൽസ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 27ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0460 2996794.

ക്വട്ടേഷൻ

കണ്ണൂർ ഗവ.ഐ ടി ഐ യിലേക്ക് ആവശ്യമായ വിവിധ സാധനസാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് 24ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2835183.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പ്രവർത്തനക്ഷമമായ കെ എൽ 58 എൽ 9315 മാരുതി ആൾട്ടോ ലക്സി 800 (2013 മോഡൽ) കാർ മാർച്ച് 25ന് രാവിലെ 11 മണിക്ക് തലശ്ശേരി താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ ലേലം ചെയ്യും.  ഫോൺ: 0490 2322090.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നുച്യാട് അശം ദേശത്തെ റി.സ. ഒന്നിൽപെട്ട ഏഴ് സെന്റ് സ്ഥലവും അതിലുൾപ്പെട്ട സകലതും മാർച്ച് 17ന് രാവിലെ 11.30ന് നുച്യാട് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും നുച്യാട് വില്ലേജ് ഓഫീസിലും ലഭിക്കും.ഫോൺ: 0490 2494910.

ലേലം

ജില്ലാ  ആശുപത്രിയിലേക്ക് ലാബ് റീ ഏജന്റ്സ്, വിവിധ യൂണിറ്റുകളിൽ ആവശ്യമായ മറ്റ് കൺസ്യൂമബിൾസ് എന്നിവ അടുത്ത സാമ്പത്തിക വർഷത്തേക്ക് വിതരണം ചെയ്യുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചു.  മാർച്ച് 28ന് വൈകിട്ട് അഞ്ച് മണി വരെ www.etenders.kerala.gov.in മുഖേന ഇ ടെണ്ടർ സമർപ്പിക്കാം.  ഫോൺ: 0497 2731234.

4 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം

54 തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. ഇതോടെ ജില്ലയിലെ 45 ഗ്രാമപഞ്ചായത്തുകളുടെയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഒരു നഗരസഭയുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരമായി. മട്ടന്നൂരാണ് പദ്ധതി അംഗീകാരം നേടിയ നഗരസഭ. തളിപ്പറമ്പ്, കല്ല്യാശ്ശേരി, ഇരിക്കൂർ, പേരാവൂർ, തലശ്ശേരി, എടക്കാട്, കൂത്തുപറമ്പ്, പയ്യന്നൂർ ബ്ലോക്കുകളുടെ പദ്ധതിയും അംഗീകരിച്ചു.
ചൊവ്വാഴ്ച ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം 40 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയാണ് അംഗീകരിച്ചത്. അതിന് മുമ്പ് 14 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ അംഗീകരിച്ചിരുന്നു. ഇനി 39 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളാണ് ആസൂത്രണ സമിതി മുമ്പാകെ വരാനുള്ളത്.
യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സൻ പി പി ദിവ്യ അധ്യക്ഷയായി.

ഓട്ടോറിക്ഷകൾ പരിശോധനക്ക് ഹാജരാക്കണം

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനപരിശോധനയുമായി ബന്ധപ്പെട്ട് മാർച്ച് 20 രാവിലെ എട്ട് മുതൽ 11 മണി വരെ തോട്ടട എസ് എൻ കോളേജ് ഗ്രൗണ്ടിൽ വാഹനങ്ങളും വാഹനങ്ങളുടെ രേഖകളും പരിശോധിക്കുന്നു. കോർപ്പറേഷൻ പരിധിയിൽ പാർക്കിങ് നമ്പർ അനുവദിച്ച ഓട്ടോറിക്ഷകളുടെ ഉടമസ്ഥൻമാർ ഹാജരാക്കണം. പെർമിറ്റിലുള്ളതു പ്രകാരം പാർക്കിങ് പ്ലേസ് മുൻഭാഗത്ത് ഇടതുവശത്തായി എഴുതണം.
2686ാം നമ്പർ വരെയുള്ള വണ്ടികൾ മാത്രം മുൻഭാഗത്ത് ഗ്ലാസ് ഫ്രെയിം മുതൽ താഴോട്ട് മഞ്ഞ നിറം അടിച്ചിരിക്കണം. കൂടാതെ കോർപ്പറേഷൻ എബ്ലം വരച്ച് പാർക്കിങ് നമ്പർ രേഖപ്പെടുത്തണം.
വാഹനത്തിന്റെയും പെർമിറ്റിന്റെയും അസ്സൽ രേഖകൾ പരിശോധനാ സമയത്ത് ഹാജരാക്കണം. നിയമാനുസൃതമായി നിർദേശിച്ച പെയിന്റിംഗുകൾ മാത്രമേ വാഹനത്തിൽ ഉണ്ടാവാൻ പാടുള്ളൂ. വാഹനത്തിൽ ഫസ്റ്റ് എയഡ് ബോക്സ് നിർബന്ധമാണ്.
പരിശോധനക്ക് ഹാജരാക്കേണ്ട വാഹനങ്ങൾ തീയതി, പാർക്കിങ് നമ്പർ ക്രമത്തിൽ.
മാർച്ച് 20: 4001 മുതൽ 4140 വരെ, 21: 3901 മുതൽ 4000 വരെ, 23: 3801 മുതൽ 3900 വരെ, 24: 3701 മുതൽ 3800 വരെ, 25: 3601 മുതൽ 3700 വരെ.
ബാക്കിയുള്ള വാഹനങ്ങൾ പരിശോധിക്കുന്ന തീയതി ആർ ടി ഓഫീസിന്റെ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതാണ്.

ഇറിഗേഷൻ, പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ സ്പെഷ്യൽ ഡ്രൈവ്

പഴശ്ശി ഇറിഗേഷൻ പദ്ധതി, പൊതുമരാമത്ത് (നിരത്ത് വിഭാഗം) വകുപ്പ് എന്നിവയുടെ അധീനതയിലുള്ള ഭൂമികളിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തും. ജില്ലയിലെ സർക്കാർ പുറമ്പോക്കിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ അവലോകനം നടത്താൻ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറാണ് ഈ നിർദ്ദേശം നൽകിയത്. കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിന് ആവശ്യമെങ്കിൽ റവന്യൂ വകുപ്പിന്റെയും പൊലീസിന്റെയും സേവനം ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു.  യോഗത്തിൽ ജില്ലാ ഗവ. പ്ലീഡർ കെ അജിത്ത് കുമാർ, എൽ ആർ ഡെപ്യൂട്ടി കലക്ടർ പി ഷാജു, പഴശ്ശി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടിവ് എഞ്ചിനീയർ, പൊതുമരാമത്ത് (നിരത്ത് വിഭാഗം) വകുപ്പ്  എക്സിക്യൂട്ടിവ് എഞ്ചിനീയർ, കണ്ണൂർ കെ എസ് ടി പി ഭൂരേഖ തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.

error: Content is protected !!