അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണ വീഴ്ച: വി.കെ. മധുവിനെ തരം താഴ്ത്തി

അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലുയർന്ന പരാതികളിന്മേൽ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.

അരുവിക്കര നിയോജകമണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ വിജയിച്ചിരുന്നുവെങ്കിലും പ്രചാരണത്തില്‍ നിരവധി വീഴ്ചകള്‍ സംഭവിച്ചിരുന്നതായി പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതി ഉയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് സി പി എം ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മീഷനെ പരാതികള്‍ അന്വേഷിക്കുന്നതിനു വേണ്ടി ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോള്‍ മധുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. വി കെ മധുവിന്‍റെ വിശദീകരണം കൂടി തേടിയ ശേഷമാണ് മൂന്നംഗസമിതി മധുവിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.

അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരിനാഥിനെതിരെ വി കെ മധുവിനെയായിരുന്നു ആദ്യം സി പി എം സ്ഥാനാ‌ര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റിയ പാര്‍ട്ടി നേതൃത്വം മധുവിന് പകരം സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മധു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം. സി പി എമ്മിന്‍റെ ജില്ലാ കമ്മിറ്റിയിലാണ് ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയ മൂന്നംഗ സമിതി മധു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

 

error: Content is protected !!