മാലിന്യം തള്ളിയ സ്ഥാപനങ്ങള്‍ക്ക് പിഴ

ജൈവ-അജൈവമാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ച രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ്‌സ്‌ക്വാഡ് കണ്ണൂര്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി. കോര്‍പറേഷന്‍ പരിധിക്കുള്ളില്‍ കാല്‍ടെക്‌സിനു സമീപം പ്രവര്‍ത്തിക്കുന്ന ഫാമിലി വെഡ്ഡിങ്ങ് സെന്റര്‍, ഇസ്ലാമിക് സെന്റര്‍ ഓഫീസ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് 5,000 വീതം പിഴ ചുമത്തി നടപടികള്‍ സ്വീകരിക്കാന്‍ സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കിയത്. ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്നതിനാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.
മാലിന്യ ചാക്ക് കെട്ടുകള്‍ സ്വന്തം ചെലവില്‍ നീക്കം ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാനും നഗരപാലികാ ആക്ട് അനുസരിച്ച് 5000 രൂപ വീതം പിഴ ഒടുക്കുവാനും സ്‌ക്വാഡ് നിര്‍ദേശിച്ചു.

മാലിന്യം തരംതിരിച്ച് സംസ്‌കരിക്കാനായി രണ്ട് ബിന്നുകളിലായി ശേഖരിക്കണമെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിരവധി തവണ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  മാലിന്യങ്ങള്‍ കൂട്ടി കലര്‍ത്തി അംഗീകാരമില്ലാത്ത എജന്‍സികള്‍ക്ക് നല്‍കുന്ന ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്താന്‍ ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വരും ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ലീഡര്‍ ഇ പി സുധീഷ്, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ ആര്‍ അജയകുമാര്‍, ഷെറിക്കുല്‍ അന്‍സാര്‍, കോര്‍പ്പറേഷന്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ദു, സൂര്യ എന്നിവര്‍ പങ്കെടുത്തു.
error: Content is protected !!