ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ

ഗോദയിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയിൽ കസാക്കിസ്ഥാൻ്റെ ദൗലത് നിയാസ്ബെകോവിനെ 8-0 എന്ന സ്കോറിനു കീഴടക്കിയ ബജ്റംഗ് പുനിയ ആണ് ഇന്ത്യയുടെ മെഡൽ ശേഖരത്തിലേക്ക് ഒരു വെങ്കലം കൂടി കൂട്ടിച്ചേർത്തത്.

മൂന്ന് തവണ ലോക ചാമ്പ്യനായിട്ടുള്ള അസർബെയ്ജാൻ തരാം ഹാജി അലിയേവിന് മുമ്പിലാണ് സെമിയിൽ ബജ്‌രംഗ് കീഴടങ്ങിയത്. സ്കോർ 12-5. ബജ്റംഗിന്റെ സ്ഥിര ദൗർബല്യമായ കാലുകൾ കൊണ്ടുള്ള പ്രതിരോധം മുതലെടുത്ത് അലിയേവ് ആദ്യ പീരിഡിൽ തന്നെ 4-1 ന് മുന്നിലെത്തി. രണ്ടാം പീരിഡിൽ അസർബെയ്‌ജാൻ തരാം 8-1 ന് മുന്നിലെത്തിയ ശേഷം ബജ്റംഗ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമയം ഉണ്ടായിരുന്നില്ല. കിർഗിസ്ഥാൻറെ എർനാസർ അക്മതാലിയേവ്, ഇറാന്റെ മുർത്തസ ചേക്ക ഗിയാസി എന്നിവരെ തോൽപ്പിച്ചാണ് ഇന്ത്യൻ താരം സെമിയിലെത്തിയത്.

നേരത്തെ, ഒളിമ്പിക്സ് ഗോൾഫിൽ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയ ഇന്ത്യൻ താരം അദിതി അശോകിന് മെഡൽ നഷ്ടമായി. -15 പാര്‍പോയന്റുമായി താരം നാലാമതാണ് ഫിനിഷ് ചെയ്തത്.ആദ്യ മൂന്ന് റൗണ്ടുകളിലും രണ്ടാമതായിരുന്ന അദിതി അവസാന ദിനമാണ് നിരാശപ്പെടുത്തിയത്. എങ്കിലും ഒളിമ്പിക്സ് വേദിയിൽ എതിരാളികള്‍ക്ക് സമ്മര്‍ദം നല്‍കാന്‍ അദിതി അശോകിന് കഴിഞ്ഞു. ഗോള്‍ഫില്‍ ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതോടെ അദിതിക്ക് നഷ്‌ടമായത്.

ലോക റാങ്കിംഗിൽ 200ആം സ്ഥാനത്താണ് അദിതി. ടോക്യോയിൽ ഒരു സാധ്യതയും കല്പിക്കപ്പെടാതിരുന്ന താരം. ആദ്യ മൂന്ന് റൗണ്ടുകളിലും രണ്ടാം സ്ഥാനത്ത് ഉറച്ചുനിന്ന അദിതിക്ക് അവസാന റൗണ്ടിൽ കാലിടറി. റിയോ ഒളിമ്പിക്സിൽ മത്സരിച്ച അദിതി 41ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നാല് വർഷങ്ങൾക്കിപ്പുറം അദിതി മടങ്ങുന്നത് നാലാം സ്ഥാനക്കാരിയായാണ്!

error: Content is protected !!