ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്

കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. പുലർച്ചെ രണ്ടര മുതൽ നാളെ രാത്രി പതിനൊന്നര വരെ അതിശക്തമായ കടലാക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലയിൽ അതീവ ജാഗ്രത പുലർത്തണം എന്നാണ് നിർദേശം. ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദവും പൂർണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത തുടരുകയാണ്. ഇടുക്കി വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണ സാധ്യത കണക്കിലെടുത്ത് ഇന്നലെ കേരള തീരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

error: Content is protected !!