തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുടെ കയ്യേറ്റം. അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കെ എം ബഷീര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

സിറാജ് പത്രത്തിന്‍റെ ഫോട്ടോഗ്രാഫര്‍ ടി ശിവജിയുടെ മൊബൈല്‍ ഫോണും തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്ത അഭിഭാഷകര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു.

കോടതിയിലെത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍റെയും വഫ ഫിറോസിന്‍റെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ശിവജിയെ അഭിഭാഷകര്‍ മര്‍ദ്ദിച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും അഭിഭാഷകര്‍ കയ്യേറ്റശ്രമം നടത്തി. തുടര്‍ന്ന് അടുത്തുള‌ള വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ശിവജി പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല.

ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കാന്‍ അഭിഭാഷകര്‍ക്കൊപ്പം പൊലീസും ചേര്‍ന്നതായും ആക്ഷേപമുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഭിജിത്തിന് നേരെയും അഭിഭാഷകര്‍ അക്രോശിച്ച്‌ പാഞ്ഞെത്തി. സ്ഥലത്ത് ഇപ്പോഴും സംഘ‌ര്‍ഷാവസ്ഥ തുടരുകയാണ്.

error: Content is protected !!