സ്വപ്‌നയ്ക്ക് വധഭീഷണി: നിക്ഷേധിച്ച്‌ ജയില്‍ വകുപ്പ്, സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന ആരോപണങ്ങള്‍ നിക്ഷേധിച്ച്‌ ജയില്‍ വകുപ്പ്.

അന്വേഷണ ഏജന്‍സികള്‍ക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും നിലപാട്. സ്വപ്നക്ക് നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിക്കാനും തീരുമാനം.

സ്വപ്‌നയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെ വിന്യസിച്ചു. സ്വപ്‌നയുടെ സെല്ലില്‍ 24 മണിക്കൂര്‍ ഒരു വനിത ഗാര്‍ഡ് ഉണ്ടായിരിക്കും. ഇപ്പോള്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിത ജയിലിലാണ് സ്വപ്‌നയെ പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, ജയിലില്‍ ജീവനു ഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ വാദം തള്ളി ജയില്‍വകുപ്പ് രംഗത്തെത്തി. ജയിലില്‍ ഭീഷണിയുണ്ടെന്ന സ്വപ്‌നയുടെ ആരോപണം ജയില്‍വകുപ്പ് നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളും അല്ലാതെ മറ്റാരും ജയിലില്‍ സ്വപ്‌നയെ കാണാനെത്തിയിട്ടില്ല. ആരൊക്കെ ജയിലിലെത്തി സ്വപ്‌നയെ സന്ദര്‍ശിച്ചു എന്നതിനു കൃത്യമായ രേഖയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം. അമ്മയും മകളും ഭര്‍ത്താവും സഹോദരനും ജയിലിലെത്തി സ്വപ്‌നയെ സന്ദര്‍ശിച്ചിട്ടുണ്ട്. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്‌നയെ ഇതുവരെ പാര്‍പ്പിച്ചതെന്നും ജയില്‍വകുപ്പ് അറിയിച്ചു.

ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ചിലര്‍ തന്നോട് ജയിലിലെത്തി ആവശ്യപ്പെട്ടിരുന്നതായാണ് സ്വപ്‌ന പറയുന്നത്. അഭിഭാഷകന്‍ വഴി കോടതിക്ക് നല്‍കിയ കത്തിലാണ് സ്വപ്‌ന ഇക്കാര്യം അറിയിച്ചത്. തന്റെയും കുടുംബാംഗങ്ങളുടെയും ജീവനു ഭീഷണിയുണ്ടെന്നും തനിക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്നും സ്വപ്‌ന കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

തന്റെ രഹസ്യമൊഴി മാധ്യമങ്ങള്‍ വഴിപുറത്തുവന്നിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ജയിലില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്നുമാണ് കത്തില്‍ വ്യക്തമാക്കുന്നു. ജയിലില്‍ തന്നെ കാണാനെത്തിയവര്‍ പൊലീസുകാരാണെന്ന് കരുതുന്നതായും സ്വപ്ന പറയുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടതായും അറിയിച്ചു.

error: Content is protected !!