പിലാത്തറ – പാപ്പിനിശേരി കെ എസ്- ടി പി റോഡരികുകളില്‍ നാടന്‍ മാവിന്റെയും പ്ലാവിന്റേയും അപൂര്‍വ്വ കലവറയൊരുങ്ങും

കണ്ണൂർ : പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡരികുകളില്‍ നാടന്‍ മാവുകളെയും പ്ലാവുകളെയും നട്ടുപിടിപ്പിക്കാന്‍ പുതിയ പദ്ധതി. ടി വി രാജേഷ് എം എല്‍ എ യുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷനാണ് റോഡരികകളില്‍ ഇതിലൂടെ അപൂര്‍വ കാഴ്ചയുടെ കലവറ ഒരുക്കുന്നത്. ഹരിതവീഥിയൊരുക്കുന്നതിന്റെ ഭാഗമായുള്ള നാടന്‍ മാവും പ്ലാവും നടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിലാത്തറയില്‍ തുടക്കമായി. തുറമുഖ വകുപ്പ് മന്തി കടന്നപ്പള്ളി രാമചന്ദ്രന്‍ ആദ്യ തൈ നട്ടു.

ഹരിതവീഥി എന്നറിയപ്പെടുന്ന ഈ പദ്ധതിയിലൂടെ കണ്ണപുരം പഞ്ചായത്തില്‍ നിന്ന് ശേഖരിച്ച 102 നാടന്‍ മാവുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച 109 ഇനം നാടന്‍ മാവുകളും 109 ഇനം നാടന്‍ പ്ലാവുകളും റോഡിന്റെ ഇരുവശങ്ങളിലും നട്ടുപിടിപ്പിക്കും. 20 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് ചെറുതാഴം, ഏഴോം, മാടായി, ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലുടെയാണ് കടന്നുപോകുന്നത്.

പദ്ധതിയുടെ ഭാഗമായി കണ്ണപുരം നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മ ശേഖരിച്ച മാവിന്‍തൈകള്‍ ഷൈജു കണ്ണപുരവും ജയചന്ദ്രന്‍ മാസ്റ്റരും ചേര്‍ന്ന് മന്ത്രിയെ ഏല്പിച്ചു. പിലാത്തറ മുതല്‍ പാപ്പിനിശ്ശേരി വരെ നീളുന്ന റോഡിന്റെ ഇരുവശങ്ങളിലും ലഭ്യമായ സ്ഥലങ്ങളിലെല്ലാം ചെറു പൂന്തോട്ടങ്ങള്‍, തണല്‍വൃക്ഷങ്ങള്‍, എന്നിവ വെച്ചുപിടിപ്പിക്കാനും പരിപാലിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതിക്ക് രണ്ടു ഭാഗങ്ങളാണുള്ളത്- ഹരിത പാര്‍ക്കും നാട്ടുമാഞ്ചോട്ടില്‍ എന്ന പദ്ധതിയും. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച വൃക്ഷങ്ങള്‍, ചെടികള്‍, ഔഷധ സസ്യങ്ങള്‍, തുടങ്ങിയവ നട്ടുപിടിപ്പിച്ച ചെറുതോട്ടങ്ങള്‍ – യാത്രക്കാര്‍ക്ക് ഉപയോഗിക്കാനുള്ള കുടിവെള്ളം പോലുള്ള അത്യാവശ്യ സൗകര്യങ്ങള്‍ എന്നിവ ഒരുക്കി ഹരിതപാര്‍ക്ക് നിര്‍മ്മിക്കുക.

ഒരേ സസ്യകുടുംബത്തിലെ തന്നെവിവിധ തരം ചെടികളുടെ കലവറയായി ഹരിത പാര്‍ക്കുകളെ മാറ്റുകയാണ് ലക്ഷ്യം. നാട്ടുമാഞ്ചോട്ടില്‍ പരിപാടിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച 102 തരം നാടന്‍ മാവുകള്‍ ഹരിതവീഥിയുടെ ഒരു വശത്തായി നട്ടുപിടിപ്പിക്കാനും പദ്ധതി  ലക്ഷ്യമിടുന്നുണ്ട്. ഹൈവേ കടന്നു പോകുന്ന പഞ്ചായത്തുകളിലെ നാടന്‍ മാവുകള്‍ക്കായിരിക്കും മുന്‍ഗണന. ഓരോ മാവിന്റെയും പ്രാദേശിക പേരുകളും പ്രത്യേകതയും വ്യക്തമാക്കുന്ന ബോര്‍ഡുകളും മാവിന്റെ സമീപത്തായി സ്ഥാപിക്കും.

മാവുകള്‍ സംഘടിപ്പിക്കാനും നടാനും അവയെ സംരക്ഷിക്കാനും ഉള്ള ചുമതല കണ്ണപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനകീയ കൂട്ടായ്മക്കാണ്. ഹരിത പാര്‍ക്കുകളുടെ നിര്‍മ്മാണം ഓരോ സംഘടനകളുടെ നേതൃത്വത്തിലായിരിക്കും. ചെടികള്‍ നടുക, അവയെ സംരക്ഷിച്ച് പരിപാലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയെ മൂന്ന് വര്‍ഷത്തേക്ക് ചുമതലപ്പെടുത്തും.

കോളേജുകളിലെ എന്‍ എസ് എസ് യൂണിറ്റുകള്‍,വിവിധ സന്നദ്ധ സംഘടനകള്‍, ഗ്രന്ഥശാലകള്‍, വ്യാപാരി വ്യവസായമേഖലയെ സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഹരിത പാര്‍ക്കുകളുടെരൂപീകരണത്തിലും നടത്തിപ്പിലും പങ്കാളികളാക്കാനും തീരുമാനമുണ്ട്.

പിലാത്തറ ഹൈവേ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ കല്ല്യാശേരി എം എല്‍ എ ടി വി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് പ്രഭാവതി, ചെറുതാഴം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരിദാസന്‍ ചടങ്ങില്‍ പങ്കെടുത്തു

error: Content is protected !!