സംസ്ഥാന ബീച്ച്‌ വോളി കണ്ണൂരിൽ

കണ്ണൂർ: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന കായിക–- യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ വോളിബോൾ മത്സരം കണ്ണൂരിൽ. ജില്ലാതല മത്സരങ്ങൾ നവംബറിലും സംസ്ഥാനതലം ഡിസംബറിലുമാണ്‌ നടക്കുന്നത്‌. പയ്യാമ്പലവും മുഴപ്പിലങ്ങാടുമാണ്‌ മത്സരത്തിന്‌ പരിഗണിക്കുന്നത്‌.

തിരുവനന്തപുരം മുതൽ കാസർകോടുവരെ തീരങ്ങളുള്ള ഒമ്പത്‌ ജില്ലകളിലായാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. മറ്റ്‌ ജില്ലകളിലെ കായികതാരങ്ങൾക്കും ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും അതതു ജില്ലകളിൽ മത്സരം സംഘടിപ്പിക്കുന്നുണ്ട്‌. ഒപ്പം തീരദേശവാസികൾക്ക് മാത്രമായി ഫുട്‌ബോൾ, വടംവലി ടൂർണമെന്റുകളും നടക്കും. കായിക–- യുവജന കാര്യാലയം, സ്‌പോർട്‌സ് കൗൺസിൽ, ടൂറിസം, ഫിഷറീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ, യുവജന ക്ഷേമബോർഡ് എന്നിവയാണ്‌ സംഘാടകർ.

സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ–- സംസ്ഥാന ബീച്ച്‌ ഗെയിംസ്‌ സംഘടിപ്പിക്കുന്നത്. ബീച്ച് ഗെയിംസിന്റെ പ്രചാരണാർഥം കാസർകോടുമുതൽ തിരുവനന്തപുരംവരെ തീരമേഖലയിൽ ബഹുജനപങ്കാളിത്തത്തോടെ ദീപശിഖാ മതിൽ നിർമിക്കും. കുട്ടികൾക്കും സ്ത്രീകൾക്കും ആകർഷകമായ വിവിധ മത്സരങ്ങളും നടക്കും.

error: Content is protected !!