കണ്ണൂർ ബൈപ്പാസ് സ്ഥലമേറ്റെടുപ്പ്: എളയാവൂരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്‍ സതീശന്‍ പാച്ചേനി

കണ്ണൂര്‍: കണ്ണൂർ ബൈപ്പാസ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള എളയാവൂരിലെ ജനങ്ങളുടെ  പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്‍ സതീശന്‍ പാച്ചേനി. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സതീശന്‍ പാച്ചേനിയുടെ പ്രതികരണം.

കണ്ണൂർ ബൈപ്പാസിനു വേണ്ടിയുള്ള സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രതിസന്ധി എളയാവൂർ പഞ്ചായത്തിൽ ഉടലെടുത്തിരിക്കയാണെന്നും സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായ നൂറുകണക്കിന് വീട്ടുകാർ മാനസികമായി പീഡിപ്പിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുകയാണെന്നും സതീശന്‍ പാച്ചേനി ആരോപിച്ചു.

മറ്റ് സ്ഥലത്തിനും, വീടിനും അഡ്വാൻസ് നൽകിയവരുടെ അഡ്വാൻസ് തുക തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. മക്കളുടെ വിവാഹം പോലും നടത്താൻ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. വീട് പുതുക്കി പണിയാനോ, മാറ്റം വരുത്താനോ കഴിയുന്നില്ല. കാട്ടിനുള്ളിലേതിന് സമാനമാണ് പലരുടെയും അവസ്ഥ.

രോഗികളായവരെയും കൊണ്ട് മറ്റൊന്നും ചെയ്യാനാവാത്ത ഗുരുതരമായ സ്ഥിതി വിശേഷണമാണ് ഈ പ്രദേശങ്ങളിലുള്ളത്. 2010ൽ പുറപ്പെടുവിച്ച ത്രീഡി നോട്ടിഫിക്കേഷന്റെ കാലാവധി തന്നെ കഴിഞ്ഞിരിക്കുകയാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ ബഹുജനസമരത്തിലേക്ക് പോകുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25 ന് കലക്ട്രേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കുമെന്നും രക്ഷാധികാരി സതീശൻ പാച്ചേനിയും ആക്ഷൻ കമ്മിറ്റി ചെയർമാൻ ഷാഹിനാ മൊയ്തീൻ, കൺവീനർ എൻ.കെ.ഇബ്രാഹിം, സുരേഷ് ബാബു എളയാവൂർ, സുധീഷ് മുണ്ടേരി തുടങ്ങിയവരും പത്രസമ്മേളനത്തിൽ അറിയിച്ചു.

You may have missed

error: Content is protected !!