അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന രണ്ട്‌ കപ്പലുകൾ കടലിൽ കുടുങ്ങിയിട്ട് ഒന്നരമാസം.

അഴീക്കോട്: അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന രണ്ട്‌ കപ്പലുകൾ കടലേറ്റത്തിൽപ്പെട്ട് കടലിൽ മണലിൽ പൂണ്ടിട്ട് ഒന്നരമാസമായി. ഇതുവരെ സിൽക്ക് യാർഡിൽ അടുപ്പിക്കാനായില്ല. അതേസമയം കോസ്റ്റ് ഗാർഡ് അധികൃതർ കപ്പൽ ഉടൻ നീക്കണമെന്നാവശ്യപ്പെട്ട് സിൽക്ക് അധികൃതരുടെമേൽ സമ്മർദം ചെലുത്തുകയാണ്. നിശ്ചിത ദിവസത്തിനുള്ളിൽ കടലിൽനിന്ന് മാറ്റിയില്ലെങ്കിൽ പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

ഓഗസ്റ്റ് ആദ്യവാരത്തിലെ ശക്തമായ മഴയിലും കടലേറ്റത്തിലുമാണ് മാലിയിൽനിന്ന് സ്വകാര്യ കമ്പനി വിലക്കെടുത്ത് കൊണ്ടുവന്ന ഓഷ്യനോ റോവർ, ഒഴിവാലി എന്നീ കാർഗോ ഷിപ്പുകൾ അഴീക്കൽ അഴിമുഖത്തുനിന്ന് രണ്ട് കിലോമീറ്റർ മാറി ലൈറ്റ് ഹൗസ് ഭാഗത്തും മറ്റൊന്ന് 30 കിലോമീറ്റർ അകലെ ധർമടത്തും നിയന്ത്രണംവിട്ടെത്തിയത്. sഗ്ഗിന്റെ സഹായത്താൽ മാലിയിൽനിന്ന് കെട്ടിവലിച്ച്‌ കൊണ്ടുവരികയായിരുന്നു. കടലേറ്റത്തിൽ കപ്പലുകൾതമ്മിൽ ബന്ധിപ്പിച്ച കയർ പൊട്ടി ഒഴുകിപ്പോയി. ഒടുവിൽ കൊച്ചിയിൽനിന്നും മംഗളൂരുവിൽനിന്നും കോസ്റ്റ് ഗാർഡ് എത്തി ശ്രമിച്ചിട്ടും നീക്കാനായില്ല.

അതിനിടെ കപ്പലിന്റെ അറകളിൽ മഴവെള്ളം കയറിയത് നീക്കുന്നതിന് തടസ്സമായി. മഴവെള്ളം പമ്പുവെച്ച് പുറത്തേക്കുവിട്ട് കപ്പലിന്റെ നിൽപ്പ് നേരെയാക്കാനും ദിവസങ്ങൾ വേണ്ടിവന്നു. കപ്പൽ എത്തിക്കാൻ 35 ലക്ഷം രൂപ കരാറിൽ കൊല്ലത്തുള്ള സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചു. അവർ മണലിൽ ഉറച്ച കപ്പലിനെ ചെറിയതോതിൽ ഇളക്കി. എന്നാൽ പ്രതീക്ഷിച്ചപോലെ കടലിൽനിന്ന് നീക്കാനാവാത്ത അവസ്ഥയാണ്. കടൽ പ്രക്ഷുബ്ധാസ്ഥയായിരുന്നു. കരയിൽനിന്ന് ഏതാണ്ട് 25 മീറ്റർ അകലെണ് ഇരു കപ്പലുകളുമുള്ളത്.

കപ്പൽ യാർഡിൽ എത്തിച്ചശേഷമാണ് കോസ്റ്റ് ഗാർഡ്, കസ്റ്റംസ്, തുറമുഖ വകുപ്പ്, മലിനീകരണ ബോർഡ് എന്നിവയുടെ നടപടി പൂർത്തിയാക്കി പൊളിക്കാറുള്ളത്. മണലിൽ പൂണ്ട് നീക്കാൻപറ്റാത്ത സാഹചര്യത്തിൽ അവിടെവെച്ചുതന്നെ നടപടി പൂർത്തിയാക്കി മുറിച്ചുമാറ്റാമോ എന്ന് ആലോചിക്കുകയാണ് അധികൃതർ. അതിനിടെ കപ്പൽപൊളിവിരുദ്ധ സമിതിക്കാരുടെ പ്രക്ഷോഭങ്ങൾ ഒരുഭാഗത്ത് ഉയരുന്നുമുണ്ട്.

error: Content is protected !!