വിമാന ഇന്ധന നികുതി ; സർക്കാർ തീരുമാനം പ്രതിപക്ഷത്തിന് നേട്ടമായേക്കും …

വിമാന ഇന്ധന നികുതി കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷത്തിന് രാഷ്ട്രീയ വിജയമായി. നികുതി കുറക്കാന്‍ 2017 എടുത്ത മന്ത്രിസഭാ തീരുമാനത്തിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയില്‍ കൊണ്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമാന ഇന്ധന നികുതി 5 ശതമാനമായി കുറച്ച്കൊണ്ടുള്ള പ്രഖ്യാപനം ധനമന്ത്രി നടത്തിയത്.

പ്രതിപക്ഷം കഴിഞ്ഞ ദിവസം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ എം. കെ മുനീറാണ് വിമാന ഇന്ധന നികുതി വിഷയം ഉന്നയിച്ചത്. ആഭ്യന്തരവിമാനങ്ങളുടെ ഇന്ധന നികുതി 5 ശതമാനമാക്കി കുറക്കാന്‍ 2017 സെപ്തംബറില്‍ മന്ത്രിസഭാ തീരുമാനിച്ചതിന്റെ മന്ത്രിസഭാ രേഖയും മുനീര്‍ പുറത്തുവിട്ടു. കണ്ണൂര്‍ വിമാനത്താവളത്തിന് 10 വര്‍ഷത്തേക്ക് ഇന്ധനികുതി 1 ശതമാനമാക്കിയ മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ച നികുതി കുറവ് കരിപ്പൂര്‍ ഉള്‍പ്പെടെ മറ്റു വിമാനത്താവളങ്ങള്‍ക്ക് നടപ്പാക്കിയില്ലെന്നും മുനീര്‍ ആരോപിച്ചു.

ഇന്ധന നികുതി കുറച്ചാല്‍ എല്ലാ വിമാനത്താവളങ്ങളും വികസിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ഇതിന് പിന്നാലെയാണ് ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങളുടെ കൂടെ ഇന്ധന നികുതി കുറച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചത്. നികുതി കുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കാത്തത് പ്രതിപക്ഷം വിഷയമാക്കിയതോടെയാണ് നികുതി ഇളവ് പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വ്യക്തം.

error: Content is protected !!