കണ്ണൂരിലും കാസർഗോഡും കോൺഗ്രസ്സിന്റെ ജനമഹായാത്ര പൂർണ്ണം ; ’10 മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു…!!!’

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര പര്യടനം പൂര്‍ത്തിയാക്കിയ കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ പത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു. യാത്രക്ക് ഫണ്ട് നല്‍കാത്തതിന്റെ പേരിലാണ് നടപടി. കമ്മറ്റികളുടെ അലംഭാവമാണ് ഫണ്ട് ലഭിക്കാത്തതിന്റെ കാരണമെന്നാണ് മുല്ലപ്പളളി രാമചന്ദ്രന്റെ നിലപാട്. തുടര്‍ച്ചയായുണ്ടാകുന്ന ഫണ്ട് പിരിവുകള്‍ക്കെതിരെ പ്രാദേശിക നേതൃത്വങ്ങള്‍ കടുത്ത അതൃപ്തിയിലാണ്.

കാസര്‍കോട് ജില്ലയിലെ മടിക്കൈ,പനത്തടി,കോടംബേളൂര്‍,ദേലംപാടി,പൈവളിഗെ,എന്‍മകജെ,ചീമേനി കണ്ണൂര്‍ജില്ലയിലെ രാമന്തളി,എരമം കുറ്റൂര്‍,ചെങ്ങളായി എന്നീ മണ്ഡലം കമ്മറ്റികളാണ് യാത്രക്ക് ഫണ്ട് സ്വരൂപിച്ച് നല്‍കാത്തതിന്റെ പേരില്‍ പിരിച്ചുവിട്ടത്.കെ.പി.സി.സി പ്രസിഡന്റിന്റെ നേരിട്ടുളള നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഒരു ബൂത്ത് കമ്മറ്റി പന്ത്രണ്ടായിരം രൂപ എന്ന നിലയിലായിരുന്നു ജാഥക്ക് ക്വാട്ട നിശ്ചയിച്ചിരുന്നത്.പതിനഞ്ച് മുതല്‍ ഇരുപത് വരെ ബൂത്തുകളാണ് ഒരു മണ്ഡലത്തിന് കീഴിലുളളത്.എന്നാല്‍ തുടര്‍ച്ചയായുളള ഫണ്ട് പിരിവിനെതിരെ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കെ.പി.സി.സിയുടെ പ്രവര്‍ത്തന ഫണ്ട് പിരിച്ച് നല്‍കിയത് .ഇതിന് ശേഷം ഷുഹൈബ് കുടുംബ സഹായനിധി,പ്രളയസഹായം,വിശ്വാസ സംരക്ഷണ യാത്ര,തുടങ്ങി നിരവധി പിരിവുകള്‍ വേറെയും നടന്നു. എന്നാല്‍ നടപടി സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു. നടപടിക്ക് പിന്നാലെ ഫണ്ട് സ്വരൂപിച്ച് നല്‍കാത്ത മണ്ഡലം കമ്മറ്റികളുടെ പരിധികളിലുളള ഡി.സി.സി,കെ.പി.സി.സി ഭാരവാഹികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

error: Content is protected !!