പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ പ്രവണതകള്‍ വര്‍ധിക്കുന്നു; ജീവനൊടുക്കിയവരില്‍ കൂടുതലും മലയാളികള്‍

ഷാര്‍ജ: പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണതകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്തത് 51 പേരാണ് എന്നാല്‍ വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസികള്‍ 26ഉം. രണ്ടുവര്‍ഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാള്‍ ആത്മഹത്യ വര്‍ധിച്ചത്. ആത്മഹത്യചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം എടുത്താല്‍ ഏറ്റവും കൂടുതല്‍ മലയാളികളാണെന്നതാണ് ദുഃഖകരമായ സത്യം. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനു പിന്നിലെ പ്രധാന കാരണമെന്ന് യുഎഇയിലെ സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രവാസികളില്‍ 30 വയസ്സിനു താഴെ പ്രായമുള്ളരും ആത്മഹത്യാ വഴി തെരഞ്ഞെടുക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശ്ശേരി പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നെടുത്ത പണവും ബാങ്ക് ലോണ്‍ അടക്കമുള്ള സാമ്പത്തികബാധ്യതകളും വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി യുഎഇ സര്‍ക്കാരും സന്നദ്ധ സംഘടനകളും നിരന്തര ബോധവത്കരണം സംഘടിപ്പിക്കുന്നുണ്ട്.

അടുത്തിടെയാണ് ഷാര്‍ജ അല്‍ നഹ്ദയിലെ താമസയിടത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 20 വയസ്സുകാരിയായ ഇന്ത്യക്കാരിയെ ഷാര്‍ജ പൊലീസ് രക്ഷപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സ്വന്തം ഫോട്ടോയ്ക്ക് ലഭിച്ച മോശം അഭിപ്രായങ്ങളില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി പിന്നീട് പറഞ്ഞു. വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേരള ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും മരിക്കാനിടയാകുന്ന സാഹചര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് സാമൂഹികപ്രവര്‍ത്തകനായ നാസര്‍ നന്തി പറഞ്ഞു.

മലയാളികള്‍ക്കിടയിലെ ആത്മഹത്യ പെരുകുന്നതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നോര്‍ക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്. ബാങ്ക് ലോണുകള്‍ സമയബന്ധിതമായി അടച്ചുതീര്‍ക്കാന്‍ സാധിക്കാതെ പലിശയും പിഴപ്പലിശയും വര്‍ധിക്കുമ്പോള്‍ ജീവിതം അനിശ്ചിതത്വത്തിലാവുകയും ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയുമാണെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. കുടുബ പ്രശ്‌നങ്ങളും നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളും യുഎഇയിലെ ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ടെന്നും സാമൂഹികപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

യുഎഇയില്‍ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളിലും ആത്മഹത്യ പ്രവണത വര്‍ധിക്കുന്നുണ്ട്. മനുഷ്യരെ കുടുക്കുന്ന വിവിധതരം ഓണ്‍ലൈന്‍ ഗെയിമുകളില്‍ പെട്ടും വിദ്യാര്‍ത്ഥികള്‍ ജീവിതം അവസാനിപ്പിക്കുന്നുണ്ടെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ, പരസ്പരം പങ്കു വെക്കാനോ ശ്രമിക്കാതെ ആത്മഹത്യയെന്ന ‘എളുപ്പവഴി’ തെരഞ്ഞെടുക്കുകയാണെന്നും സൈക്കോളജിസ്റ്റ് സൂസന്‍ കോരൂത്ത് പറഞ്ഞു.

error: Content is protected !!