പൊലീസ് സ്റ്റേഷനിലെ ഫോണ്‍ മോഷ്ടിച്ച് യുവാവ് കടന്നു

മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് പിടിക്കൂടിയ യുവാവ് സ്റ്റേഷനില്‍ നിന്ന് പൊലീസ് ഫോണുമായി കടന്നു. ചൊവാഴ്ച ചെന്നൈയിലെ കുനുറാത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി നടന്ന പൊലീസ് പട്രോളിനിടെയാണ് കുനുറാത്തൂറിലെ ഒരു കടയുടെ മുന്നില്‍ മദ്യപിച്ച് ബഹളം വെച്ച യുവാവിനെ പൊലീസ് പിടിക്കൂടിയത്.
ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച രാവിലെ വിട്ടയച്ച യുവാവ് മേശപുറത്തിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. ഫോണ്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ യുവാവിനെ കണ്ടെത്താനായിട്ടില്ല. ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫാണ്. ഫോണിനും യുവാവിനുമായി പൊലീസ് അന്വേഷണം തുടങ്ങി.