‘ഫേസ്ബുക്ക് കാമുകി’യെ കൊല്ലാന്‍ മധുരയില്‍ നിന്ന് കൊല്ലത്തെത്തി; ഒടുവില്‍ അമ്മയെ കുത്തികൊന്നു

കൊല്ലത്തെ വീട്ടമ്മയ്ക്കാണ് മകളുടെ കാമുകനെന്ന് അവകാശപ്പെടുന്ന യുവാവില്‍ നിന്ന് മരണം ഏറ്റുവാങ്ങേണ്ടിവന്നത്. മധുര സ്വദേശിയായ ഇരുപത്തേഴുകാരനായ സതീഷ് ആണ് കുളത്തൂപ്പുഴ സ്വദേശി പി കെ വര്‍ഗീസിന്‍റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസിനെ കൊല ചെയ്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെ പിടിയിലായത്.

മേരിക്കുട്ടിയുടെ മൂത്തമകള്‍ മുംബൈയില്‍ നഴ്സായി ജോലി ചെയ്യുകയാണ്. സതീഷുമായി ഫേസ്ബുക്കിലൂടെ പെണ്‍കുട്ടി സൗഹൃദത്തിലായി. പിന്നീട് പ്രണയത്തിലായെന്നാണ് പ്രതി പറയുന്നത്. വിവാഹാഭ്യര്‍ഥന നടത്തിയതോടെ പെണ്‍കുട്ടി പിന്മാറാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നും മറ്റൊരു വിവാഹം ഉറപ്പിച്ചെന്നും അറിയിച്ചതോടെയാണ് സതീഷ് പ്രതികാരത്തിനായി തിരിച്ചത്. ഏറെ നാളായി മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ അഡ്രസ് തപ്പിപ്പിടിച്ച് മധുരയില്‍ നിന്ന് ടാക്സി ബുക്ക് ചെയ്ത് തിങ്കളാഴ്ച വൈകുന്നേരം കുളത്തുപുഴയിലെത്തി.

മേരിക്കുട്ടിയുടെ ഭര്‍ത്താവ് വര്‍ഗീസ് വിദേശത്തും ഇളയ മകള്‍ ബംഗളൂരുവിലും മൂത്തമകള്‍ മുംബൈയിലും ആയിരുന്നു. പാഴ്സല്‍ നല്‍കാനാണെന്ന് പറഞ്ഞാണ് വീട്ടില്‍ കയറിയത്. ശേഷം മേരിക്കുട്ടിയുമായി മകളുടെ കാര്യം പറഞ്ഞ് തര്‍ക്കിച്ചു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെയാണ് ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് മേരിക്കുട്ടിയുടെ നെഞ്ചില്‍ കുത്തിയത്. പുറത്തേക്കിറങ്ങിയോടിയ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ വന്ന ടാക്സിയും ഡ്രൈവറും കസ്റ്റഡിയിലാണ്.

error: Content is protected !!