പൊലീസ് ബുക്കും പേപ്പറും ചോദിച്ചു; ബൈക്കിന് തീയിട്ട് യുവാവ് ഓടിപ്പോയി

ബൈക്കിന്‍റെ രേഖകള്‍ ചോദിച്ച ട്രാഫിക് പൊലീസിന്‍റെ മുന്നില്‍ വെച്ച് യുവാവ് റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ് കത്തിച്ചു. ഹരിയാനയിലെ പഴയ റെയില്‍വെ സ്റ്റേഷന്‍ റോഡിന് സമീപമാണ് സംഭവം.

കടകളും ആളുകളും നിറഞ്ഞ റോഡില്‍ തീ ഉടനെ അണച്ചതിനാല്‍ ദുരന്തം ഒഴിവായി. ബൈക്കിന് തീയിട്ട് ഓടിപ്പോയ യുവാവിനെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

കാഴ്ചയില്‍ 30 വയസ്സ് തോന്നിക്കുന്ന ആളാണ് ബൈക്കിന് തീയിട്ടത്. ബൈക്കിന്റെ പുറകില്‍ പാല്‍ പാത്രങ്ങളുമായി വന്ന ഇയാളെ ട്രാഫിക് പൊലീസ് തടഞ്ഞു നിര്‍ത്തി. വണ്ടിക്ക് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് ഓം നമ ശിവായ എന്നാണ് എഴുതിയിരുന്നത്. ഇയാള്‍ ഹെല്‍മറ്റും ധരിച്ചിരുന്നില്ല.

പൊലീസ് ബൈക്കിന്‍റെ രേഖകള്‍ ചോദിച്ചതോടെ രോഷാകുലനായ യുവാവ് പൊലീസ് നോക്കിനില്‍ക്കെ ഫ്യുയല്‍ പൈപ്പ് ഊരി ബൈക്ക് കത്തിക്കുകയായിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

error: Content is protected !!