മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്‍റെ ക്രൂരത

മൂന്നുവയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ ക്രൂരത. ദീപാവലി ആഘോഷത്തിനിടെ ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും മാരകമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

മീററ്റിലെ മിലക് ഗ്രാമത്തില്‍ ചൊവ്വാഴ്ചയായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം. പ്രദേശവാസിയായ ശശികുമാറിന്റെ മൂന്നുവയസ്സുള്ള മകളുടെ വായിലിട്ടാണ് സമീപവാസിയായ യുവാവ് പടക്കം പൊട്ടിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ സമീപവാസിയായ ഹര്‍പാല്‍ കൂട്ടിക്കൊണ്ടുപോയി വായില്‍ പടക്കംവച്ച് തീകൊളുത്തിയെന്നാണ് ശശികുമാറിന്റെ മൊഴി. ഇയാളുടെ പരാതിയില്‍ പോലീസ് ഹര്‍പാലിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് ശേഷം പ്രതി ഒളിവില്‍പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

വായ്ക്കുള്ളില്‍വച്ച് പടക്കം പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയുടെ കവിളിലും തൊണ്ടയിലും ഗുരുതരമായി പരിക്കേറ്റെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ്ക്ക് ഇതുവരെ അമ്പതോളം തുന്നലുകളിട്ടതായി ഡോക്ടര്‍മാരും അറിയിച്ചു. അപകടത്തില്‍ തൊണ്ടയ്ക്കും പരിക്കേറ്റതാണ് ആരോഗ്യനില വഷളാകാന്‍ കാരണമായത്.

error: Content is protected !!