ജലന്ധർ ബിഷപ്പിനെതിരായ പീഡന കേസ്; അന്വേഷണം ഇഴയുന്നുവെന്ന് കന്യാസ്ത്രീ

ജലന്ധർ ബിഷപ്പിനെതിരെ നൽകിയ  പരാതിയിൽ പൊലീസ് അന്വേഷണം ഇഴഞ്ഞ്  നീങ്ങുന്നുവെന്ന് കന്യാസ്ത്രീ പരാതിപ്പെട്ടതായി ദേശീയവനിതാ കമ്മീഷൻ. കുറവിലങ്ങാടത്തെ മഠത്തിൽ നിന്നും ബിഷപ്പിന്റെ ഫോട്ടോ മാറ്റാനും കമ്മിഷൻ ആവശ്യപ്പെട്ടു. ഇതിനിടെ കന്യാസ്ത്രീയെ തള്ളിപ്പറഞ്ഞ് സന്യാസിനീ  സമൂഹമായ മിഷണറീസ് ഓഫ് ജീസസ് രംഗത്തെത്തി.

കുറവിലങ്ങാടത്തെ മഠത്തിലെത്തിയ ദേശീയവനിതാകമ്മീഷൻ അധ്യക്ഷയോടാണ് സഭയിൽ നിന്നോ സന്യാസിസമൂഹത്തിൽ നിന്നോ ഒരു പിൻതുണയും കിട്ടുന്നില്ലെന്ന് കന്യാസ്ത്രീ വ്യക്തമാക്കിയത് ജലന്ധർ ബിഷപ്പ് രാഷ്ട്രീയസ്വാധീനമുള്ള വ്യക്തിയാണ്. പരാതിയിൽ വേഗം നടപടിയെടുക്കാൻ കേരളത്തിലേയും പഞ്ചാബിലേയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് അവർ വ്യക്തമാക്കി.

ആവശ്യമെന്ന കണ്ടാൽ പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തെഴുതും. ആരോപണം ഉന്നയിച്ച ബിഷപ്പിന്റ ഫോട്ടോ കന്യാസ്ത്രിയുടെ മുറിയിൽ തൂക്കിയിരിക്കുന്നത് മാനസികമായി വീണ്ടും പിഡിപ്പിക്കുന്നതിന് തുല്യമാണ് അതിനാലാണ് അത് എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടതെന്നും അവർ പറഞ്ഞു.

ഇതിന് പിന്നാലെയാണ് കന്യാസ്ത്രീയെ തള്ളി അവരുടെ സന്യാസി സമൂഹം രംഗത്തെത്തിയത്. മിഷനരീസ് ഓഫ് ജീസസിൽ അംഗമായ കന്യാസ്ത്രീ നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് വിശദീകരിച്ച് മദർ ജനറൽ ഇറക്കിയ  വാർത്താക്കുറിപ്പിലാണ് ബിഷപ്പിനോട് ഖേദം പ്രകടിപ്പിച്ചത്.

error: Content is protected !!