ഇടപ്പള്ളിയില്‍ യുവതിയെ കൊന്ന്‍ യുവാവ് ആത്മഹത്യ ചെയ്തു

ഇടപ്പള്ളിയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.നൗഫല്‍, മീര എന്നിവരാണ് മരിച്ചത്.താന്‍ മരിക്കാന്‍ പോവുകയാണെന്ന് ബന്ധുക്കളെ വിളിച്ച് അറിയിച്ച ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ.നൗഫലിന്റെ സംശയരോഗമാണ് കൊലപാതകത്തിലേക്കും തുടര്‍ന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു.

പോണേക്കരയിലെ വാടക വീട്ടില്‍ അമ്മയ്ക്കും നാല് വയസുള്ള മകള്‍ക്കുമൊപ്പമായിരുന്നു മീരയുടെ താമസം.ഈ വീട്ടിലാണ് സംഭവം നടന്നത്.വിവാഹമോചിതയായ മീരയും നൗഫലും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു.ഇതിനിടെ മീരയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് നൗഫല്‍ മീരയുമായി വഴക്കിടുക പതിവായിരുന്നു.ഇതേ തുടര്‍ന്നുള്ള വൈര്യാഗ്യമാണ് കൊലപാതകത്തിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നും നാട്ടുകാര്‍ പറയുന്നു

മൃതദേഹം കണ്ട മുറിയിലെ കത്തിയും രക്തക്കറകളുമാണ് കൊലപാതകം ആണെന്ന സ്ഥിരീകരണത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു നൗഫലിന്റെ മൃതദേഹം.മീരയുടെ മൃതദേഹം നിലത്ത് നഗ്‌നമായ നിലയിലായിരുന്നു.

മീരയെ കൊലപ്പെടുത്തി താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് നൗഫല്‍ ചില ബന്ധുക്കളെയും കൂട്ടുകാരെയും വിളിച്ച് അറിയിച്ചിരുന്നു.ഇവര്‍ പൊലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മീരയുടെ വീട്ടില്‍ ഉണ്ടായിരുന്ന അമ്മയും മകളും സംഭവസമയം സ്ഥലത്തില്ലായിരുന്നു.പരിസരവാസികളുമായി അടുപ്പം സൂക്ഷിക്കാത്ത കുടുംബത്തെ കുറിച്ച് അയല്‍ക്കാര്‍ക്കും കൂടുതല്‍ അറിവുകളില്ല. കൊച്ചിയിലെ ഹോട്ടലില്‍ ജീവനക്കാരനാണ് മരിച്ച നൗഫല്‍.

error: Content is protected !!