എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു

കുട്ടിക്കുരുതി അവസാനിക്കാതെ ഇന്ത്യ. എട്ട് വയസുകാരിയുടെ മരണമുണ്ടാക്കിയ കോളിളക്കം തീരുന്നതിന് മുന്‍പേ മറ്റൊരു ക്രൂരതയുടെ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. രക്ഷിതാക്കള്‍ക്കൊപ്പം തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി 21 കാരന്‍ പീഡിപ്പിച്ചു കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നത്.

ബലൂണ്‍ വില്‍പ്പനക്കാരാണ് പെണ്‍കുഞ്ഞിന്‍റെ രക്ഷിതാക്കള്‍. തെരുവിലാണ് ഇവര്‍ അന്തിയുറങ്ങുന്നത്. കുഞ്ഞിന്‍റെ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തൊട്ടപ്പുറത്ത് കിടക്കുകയായിരുന്ന 21 കാരനായ സുനില്‍ ഭീല്‍ പുലര്‍ച്ചയോടെ എടുത്ത് കൊണ്ടുപോകുകയായിരുന്നു.

രക്ഷിതാക്കള്‍ ഉറങ്ങിക്കിടന്നതിന്‍റെ 50 മീറ്റര്‍ അകലെയുള്ള കടയ്ക്ക് സമീപത്തുവച്ച് അതിക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ കുഞ്ഞിനെ കൊല്ലുകയായിരുന്നു. കട തുറക്കാനെത്തിയ ആളാണ് കുട്ടിയെ കടയ്ക്ക് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുമ്പോള്‍ രഹസ്യഭാഗങ്ങളിലും തലയിലും മുറിവുകളുണ്ടായിരുന്നു.

പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് സുനില്‍ ആണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായത്. കുഞ്ഞിനെ തന്‍റെ ചുമലില്‍ ഇരുത്തി പ്രതി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പൊലീസ് പിടിയിലായ സുനില്‍ ഭീല്‍ കുഞ്ഞിന്‍റെ കുടുംബത്തിന് പരിചയമുളള ആളാണെന്നും ഇവര്‍ക്ക് സമീപമാണ് ഉറങ്ങിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

error: Content is protected !!