ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ കാന്‍ഡി ജില്ലയില്‍ നടന്ന സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം. ബുദ്ധ-ഇസ്ലാം വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ശ്രീലങ്കയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഘര്‍ഷങ്ങളുടെ ഭാഗമായി അനവധി വീടുകളും കടകളും തകര്‍ന്നിരുന്നു. സംഘാര്‍ഷവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് സൂചന.

ശ്രീലങ്കയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കാന്‍ഡിയാണ് വര്‍ഗ്ഗീയ കലാപത്തിന്‍റെ പ്രധാന കേന്ദ്രം. തിങ്കളാഴ്ച്ച തന്നെ ഈ മേഖലയില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഒരു സിംഹള യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തോടെയാണ് കലാപത്തിന് തുടക്കമായതെന്ന് ഒരു ശ്രീലങ്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഞായറാഴ്ച്ച രാത്രിയോടെ ഒരു കട ആള്‍ക്കൂട്ടം തീയിട്ട് നശിപ്പിച്ചു.

ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരന്പരയില്‍ പങ്കെടുക്കാനായി ഇന്ത്യയുടേയും ബംഗ്ലാദേശിന്‍റേയും ക്രിക്കറ്റ് ടീമുകള്‍ ഇപ്പോള്‍ ലങ്കയിലുണ്ട്. കൊളംബോയില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്ന് ഏറ്റുമുട്ടുന്നുമുണ്ട്.

error: Content is protected !!