മധുവിന്‍റെ കൊലപാതകം; വനം വകുപ്പിനെതിരെ ആരോപണവുമായി സഹോദരി

പാലക്കാട്: അട്ടപ്പാടിയില്‍ മധുവിനെ ആക്രമിക്കാന്‍ നാട്ടുകാര്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന ഗുരുതര ആരോപണവുമായി സഹോദരി ചന്ദ്രിക. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വനത്തിനുള്ളില്‍ താമസിക്കുന്ന മധുവിനെ ജനക്കൂട്ടം ആക്രമിച്ചതെന്ന് കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രിക. ഏഷ്യാനെറ്റ് ന്യൂസിനോട് ചന്ദ്രിക ഇക്കാര്യം പറഞ്ഞത്. മധുവിനെ പിടികൂടാനായി തിരിച്ചറിയല്‍ രേഖപോലുമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരെ വനത്തിലേക്ക് കയറ്റിവിട്ടു.

ഫോറസ്റ്റ് ഓഫീസിലെ ജീപ്പ് ഡ്രൈവര്‍ വിനോദാണ് മധുവിനെ പിടികൂടാന്‍ നാട്ടുകാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത്. മധു തന്റെ താമസസ്ഥലത്ത് കഞ്ഞിവെച്ചുകൊണ്ടിരിക്കവേയാണ് വിനോദ് നാട്ടുകാരെ വിളിച്ചുകൊണ്ടുവന്ന് മധുവിനെ പിടികൂടുന്നത്. മധുവിനെ പിടികൂടാനായി ഏതാണ്ട് അമ്പതോളം പേരാണ് വധത്തിനകത്ത് പ്രവേശിച്ചത്.

സാധാരണഗതിയില്‍ ഐഡി കാര്‍ഡ് കാണിക്കാതെ ഒരാളെ പോലും കയറ്റിവിടാത്ത ഭവാനി റേഞ്ചിലേക്കാണ് ഫോറസ്റ്റുകാര്‍, മോഷ്ടാവിനെ പിടികൂടാനെന്ന പേരില്‍ അമ്പതോളം പേരുടെ സഹായം തേടി കാടുകയറിയത്. കാട്ടിലുള്ളില്‍ മൂന്നു കിലോമീറ്ററോളം കാടിനകത്തായാണ് മധു താമസിച്ചിരുന്നത്. ഇത്രയും ദൂരത്തിലേക്കാണ് ഒരു പരിശോധനയുമില്ലാതെ നാട്ടുകാരെ കടത്തിവിട്ടത്. ഇതില്‍ അട്ടപ്പടിയിലെ ഓട്ടോ ഡ്രൈവര്‍മാരും ജീപ്പ് ഡ്രൈവര്‍മാരുമാണ് ഉണ്ടായിരുന്നതെന്നും സഹോദരി പറഞ്ഞു.

ഉള്‍ക്കാട്ടില്‍ മധു താമസിക്കുന്ന സ്ഥലത്ത് നിന്ന് നാട്ടിലെത്തുംവരെ മധുവിനെ അവര്‍ ശാരിരീകമായി ഉപദ്രവിച്ചിരുന്നു. ആരവങ്ങളോടെ വലിയ ഒരു കള്ളനെ പിടികൂടിയ രീതിയിലായിരുന്നു നാട്ടുകാര്‍ മധുവിനെ കൊണ്ടുവന്നത്. മധുവിനെ കൊണ്ടുവരുമ്പോള്‍ കൊടുത്തുവിട്ടിരുന്ന ചാക്ക് നാട്ടിലെത്തുമ്പോഴേക്കും ഇവര്‍ മാറ്റിയിരുന്നു. ശാരീരകമായി തകര്‍ന്ന മധുവിനെ കാട്ടിലൂടെ നടത്തികൊണ്ടുവരുമ്പോള്‍ വനം വകുപ്പിന്റെ ജീപ്പ് അകമ്പടി സേവിച്ചിരുന്നെന്നും സഹോദരി ചന്ദ്രിക ആരോപിച്ചു. ഇരുപതു കിലോയുള്ള ചാക്ക് അവശനായ മധുവിനെകൊണ്ട് എടുപ്പിച്ചിരുന്നു. വെള്ളം ചോദിച്ചപ്പോള്‍, വെള്ളം തലവഴി മുഖത്തൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മുക്കാലി ഭാഗത്ത് മോഷണം നടത്തുന്നത് മധുവാണെന്ന് ആരോപണത്തെ തുടര്‍ന്നായിരുന്നു ഇയാളെ പിടികൂടിയത്. എന്നാല്‍ മേഷണം നടന്ന കടയുടമ സിസിടിവി ദൃശ്യത്തില്‍ മോഷണം നടത്തിയത് മധുവല്ലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. മധുവിനെ കാട്ടില്‍നിന്ന് ആഘോഷമായി കൊണ്ടുവന്നവരില്‍ പതിനാല് പേരോളം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മധുവിനെ മര്‍ദ്ദിക്കുമ്പോള്‍ നോക്കിനില്‍ക്കുകയായിരുന്നെന്നും ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി കാട്ടില്‍ നിന്നും പുറത്തെത്തിച്ച മധുവിനെ ഭവാനിപ്പുഴയില്‍ മുക്കിയും മര്‍ദ്ദിച്ചെന്നും ഇതിന് ശേഷമാണ് നാട്ടിലെത്തിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

error: Content is protected !!