ശുഹൈബ് വധം : പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി
യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. അരോളി പാലോട്ടുകാവിനു സമീപം യു. പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള വെളുത്ത വാഗണ്‍ ആർ കാറാണു പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചത്. ശനിയാഴ്ച പിടിയിലായ അഖിലാണു കാർ വാടകയ്ക്കെടുത്തത്. കൊല നടത്തിയ ശേഷം കാർ 14നു തിരികെ നൽകി.
അതേസമയം, ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ പ്രവർത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയപുരയിൽ അൻവർ സാദത്ത് (24), മീത്തലെ പാലയോട്ടെ മൂട്ടിൽ വീട്ടിൽ കെ.അഖിൽ (24), തൈയുള്ള പുതിയപുരയിൽ ടി.കെ.അഷ്കർ (25) എന്നിവരെയാണ് കർണാടകയിലെ വീരാജ്പേട്ടയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഇതോടെ ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. വീരാജ്പേട്ടയിൽനിന്നും കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിൽ അഷ്കർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അൻവർ സാദത്തിനെയും അഖിലിനെയും ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.