എട്ടു മാസം പ്രായമുള്ള പെൺകുട്ടിയെ ബന്ധു പീഡിപ്പിച്ചു

എട്ടു മാസം പ്രായമുള്ള പെൺകുട്ടിയെ ഇരുപത്തിയെട്ടുകാരനായ ബന്ധു പീഡിപ്പിച്ചു. വടക്കുപടിഞ്ഞാറ് ഡൽഹിയിലെ ഷകുർ ബസ്തിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. സ്വകാര്യ ഭാഗങ്ങളിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില ഗുരുതരമാണെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു.

ഞായറാഴ്ച വൈകിട്ട് ജോലിക്കുപോയ മാതാവു തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. സമീപത്തെ വീടുകളിൽ ജോലി ചെയ്യുന്ന യുവതി കുട്ടികളെ ബന്ധുവായ സ്ത്രീക്കൊപ്പം ആക്കിയാണു പോയത്. ഇവർ പോയി കുറച്ചുകഴിഞ്ഞ് പ്രതിയായ ഇരുപത്തിയെട്ടുകാരൻ സ്ഥലത്തെത്തുകയും കുട്ടിയെ കളിക്കാനെന്ന വ്യാജേന എടുത്തുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി കുഞ്ഞ് അബോധാവസ്ഥയിലായതോടെ പേടിച്ചു സ്ഥലം വിടുകയായിരുന്നു. കുട്ടി രക്തത്തിൽ കുളിച്ചുകിടക്കുന്നതു കണ്ടെത്തിയ മാതാവു മറ്റുള്ളവരെ വിവരമറിയിച്ചശേഷം കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപ്രതി അധികൃതരാണു കുട്ടി പീഡനത്തിനിരയായ വിവരം പൊലീസിൽ അറിയിച്ചത്. ഉടൻ തന്നെ അന്വേഷണമാരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.

error: Content is protected !!