വധുവിന്റെ കന്യകാത്വ പരിശോധനയെ എതിര്‍ത്ത യുവാക്കള്‍ക്കുനെരെ ക്രൂരമര്‍ദ്ദനം

ആദ്യരാത്രി തന്നെ വധുവിന്റെ കന്യകാത്വ പരിശോധനയെ എതിര്‍ത്ത യുവാക്കള്‍ക്കുനെരെ ജാതിപഞ്ചായത്ത് അംഗങ്ങളുടെ ക്രൂരമര്‍ദ്ദനം. പൂനെയിലെ പിംപ്രി നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.

കന്യകാത്വ പരിശോധന എതിര്‍ക്കുന്ന സ്റ്റോപ് വി- റിച്ച്വല്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ഗ്രാമത്തില്‍ ഇന്നലെ ഒരുവിവാഹം നടന്നിരുന്നു.രാത്രി ഒമ്പത് മണിയോടെ വിവാഹതിരക്കുകള്‍ കഴിഞ്ഞപ്പോള്‍ ജാതിപഞ്ചായത്ത് ചേര്‍ന്നു. ഇതില്‍ വധു-വരന്മാരില്‍ നിന്ന് അംഗങ്ങള്‍ പണം വാങ്ങുകയും, തുടര്‍ന്ന് യുവതിയുടെ കന്യകാത്വം പരിശോധിക്കാന്‍ പറയുകയും ചെയ്തു.

ഇതിനിടിയില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് ചര്‍ച്ചയുണ്ടായി. തുടര്‍ന്ന് യുവാക്കളെ ജാതിപഞ്ചായത്ത് അംഗങ്ങള്‍ വിചാരണ ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സൗരഭ് ജിതേന്ദ്ര മക്കേല്‍, പ്രശാന്ത് വിജയ് തമച്ചിക്കര്‍ എന്നീവരുള്‍പ്പെടുന്ന സംഘത്തെയാണ് വധുവിന്റെ സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനം തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അക്രമമുണ്ടായി. കല്യാണം കഴിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പോലും ഇല്ലാത്ത പരാതി മറ്റുയുവാക്കള്‍ ഉന്നയിച്ചതാണ് ജാതിപഞ്ചായത്ത് അംഗങ്ങളെ പ്രകോപിപ്പിച്ചത്.

സംഭവത്തില്‍ പ്രശാന്ത് അങ്കുഷ് എന്ന വ്യക്തി നല്‍കിയ പരാതിയില്‍ 30 ലെറെ പേര്‍ക്കെതിരെ പൊലീസ് കേസെടുക്കയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ദിവസങ്ങള്‍ക്കുമുമ്പ് മിശ്രവിവാഹിതരെ ശിക്ഷിക്കാന്‍ ഇത്തരം ജാതിപഞ്ചായത്തുകള്‍ക്ക് അവകാശമില്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി ഇവയെ നിരോധിക്കണമെന്ന് ഉത്തരവിട്ടിരുന്നു.കേന്ദ്ര സര്‍ക്കാരും അതതു സംസ്ഥാന സര്‍ക്കാരും ജാതിപഞ്ചായത്തുകളെ നിരോധിക്കാന്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ സുപ്രീംകോടതി ഇടപെടുമെന്നും പറഞ്ഞിരുന്നു.

error: Content is protected !!