ക്രമസമാധാന നിര്‍വഹണം : ക്യൂ ആര്‍ കോഡ് സാങ്കേതികവിദ്യയുമായി റൂറല്‍ പോലീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന നിര്‍വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയുമായി കണ്ണൂര്‍ റൂറല്‍ പോലീസ്. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയിലെ എല്ലാ പട്രോളിംഗ് ടീമിനും യഥാസമയം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഉതകുന്ന തരത്തിലാണ് ക്യു ആര്‍ ാേകാഡ് സംവിധാനം ഏര്‍പ്പെടുത്തിയത്.

റൂറല്‍ ജില്ലാ പോലീസിന്റെ പരിധിയിലുള്ള ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോള്‍, ഗ്രൂപ്പ് പട്രോള്‍, ക്യു ആര്‍ ടി പട്രോള്‍ എന്നിവയുടെ സ്ഥാനം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നിര്‍ണയിക്കാനും കഴിയുന്നതാണ് സംവിധാനം. ഇലക്ഷന്‍ ബന്തവസ്സ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയ ക്യൂ ആര്‍ കോഡ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് കഴിഞ്ഞാല്‍ പട്രോളിംഗ് ഡ്യുട്ടിയിലുള്ള പോലീസ് സേനാംഗങ്ങളുടെ ഡ്യുട്ടി സംബന്ധിച്ച വിശദ വിവരങ്ങളും പോളിംഗ് സ്റ്റേഷനെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. റൂറല്‍ ജില്ലാ പരിധിയില്‍ ഇലക്ഷന്‍ സംബന്ധമായി എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പട്രോളിങ്ങ് ടീമുകളുടെ സാന്നിധ്യം നിര്‍ണ്ണയിച്ച് പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കാന്‍ ഇതോടെ കഴിയും. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ഇലക്ഷന്‍ സെല്‍ ആണ് പുതിയ ആശയവുമായി രംഗത്ത് വന്നിട്ടുള്ളത്.

error: Content is protected !!