വനിതാ കമ്മീഷന് നൽകിയ പരാതി പിന്‍വലിക്കില്ല: ലീഗ് നേതൃത്വത്തെ തള്ളി ഹരിത

ഹരിത നേതാക്കളെ പാര്‍ട്ടി യോഗത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ എം എസ് എഫിന്‍റെ വനിതാ നേതാക്കളുടെ പരാതി പിന്‍വലിച്ച്‌ പ്രശ്‌നം പരിഹരിക്കാനുള്ള ലീഗ് തീരുമാനത്തെ തള്ളി ഹരിത.

എംഎസ്‌എഫ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കാതെ വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കേണ്ടെന്ന് തീരുമാനം. വിഷയം ലീഗ് ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യും.

എം എസ് എഫ് നേതാക്കള്‍ക്കെതിരായ ലൈഗിംഗികാധിക്ഷേപ പരാതിയില്‍ ലീഗ് തീരുമാനം വന്ന് ഒരാഴ്ച ആയിട്ടും പരാതി പിന്‍വലിക്കാന്‍ ഹരിത നേതൃത്വം തയ്യാറായില്ല. പാര്‍ട്ടി തീരുമാനമെടുത്തിട്ടും അത് പാലിക്കാന്‍ ഹരിത തയ്യാറാവാത്തതില്‍ ലീഗ് നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്.

വനിതാ നേതാക്കളെ അധിക്ഷേപിച്ചതിന് എം.എസ്.എഫ് നേതാക്കള്‍ ഖേദപ്രകടനം നടത്തുമെന്നും, ഹരിത വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നുമായിരുന്നു മുസ്ലിം ലീഗ് വാര്‍ത്താ കുറിപ്പ്. ഇതോടെ ഹരിത പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് വരുത്തി തീര്‍ക്കാനും ലീഗ് നേതൃത്വം ശ്രമിച്ചു. എന്നാല്‍ എം എസ് എഫ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കാതെ വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഹരിത.

എം എസ് എഫ് സംസ്ഥാന പ്രസി. പി കെ നവാസ് ഫേസ് ബുക്ക് വഴി നടത്തിയ ഖേദപ്രകടനം ഹരിത സ്വീകരിച്ചിട്ടില്ല. തങ്ങളെ വീണ്ടും അപമാനിമാക്കുന്നതാണ് നവാസിന്‍റെ പ്രതികരണമെന്ന വിലയിരുത്തലിലാണ് ഹരിത നേതൃത്വം.

അതേസമയം, പരാതി പിന്‍വലിക്കാതെ മുന്നോട്ട് പോകാകാനുള ഹരിത നിലപാട് ഉടന്‍ ചര്‍ച്ച ചെയ്യാനാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം. വിഷയം അടുത്ത ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്യുമെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. പത്തംഗ ഉപസമിതി പാര്‍ട്ടിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനൊപ്പം ഈ വിഷയവും ചര്‍ച്ച ചെയ്യാനാണ് ധാരണ.

error: Content is protected !!