ഡ്രൈവിങ് ടെസ്റ്റ്: പരിഷ്കാരത്തെ ചൊല്ലിയുള്ള പണിമുടക്ക് ഒമ്പതാം ദിനത്തിലേക്ക്

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ പിൻവലിക്കും വരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് പടിക്കൽ ഉപരോധസമരം നടത്തുമെന്നും ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ മന്ത്രിയെ വഴിയിൽ തടയാനാണ് തീരുമാനമെന്നും ഐ.എൻ.ടി.യു.സി കൊടുവള്ളി മേഖല പ്രസിഡന്റ് ടി കെ റിയാസ് പ്രതികരിച്ചു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തെ ചൊല്ലിയുള്ള പണിമുടക്ക് ഒമ്പതാം ദിനത്തിലേക്ക് കടന്നതോടെ ലൈസന്‍സിനായി കെട്ടിക്കിടക്കുന്നത് ഒമ്പതരലക്ഷത്തോളം അപേക്ഷകളാണ്. അച്ചടി പ്രതിസന്ധി മൂലം ലൈസന്‍സും ആര്‍.സി ബുക്കും ലഭിക്കാത്തവരുടെയെണ്ണം പതിനഞ്ച് ലക്ഷവും പിന്നിട്ടു. ഇതോടെ മോട്ടോര്‍ വാഹനവകുപ്പിന്റെ കെടുകാര്യസ്ഥത മൂലം ഇരുപത്തഞ്ച് ലക്ഷത്തോളം സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. ഗതാഗതമന്ത്രി വിദേശയാത്രയിലായതിനാല്‍ പ്രശ്നപരിഹാര ചര്‍ച്ചകളും വഴിമുട്ടുകയാണ്.ലേണേഴ്സ് ടെസ്റ്റ് പാസായി ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നവരിൽ വിദ്യാർത്ഥികൾ മുതൽ ജീവനക്കാർ വരെയുണ്ട്. വേനലവധി പ്രതീക്ഷിച്ച് ഡ്രൈവിങ് പഠിക്കാൻ ചേർന്നവരാണ് പ്രതിസന്ധിയിലാവരിൽ കൂടുതൽ.

error: Content is protected !!