കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ ഐക്യദാര്‍ഢ്യം ; നാസിക്കില്‍ നിന്നും ആയിരക്കണക്കിന് കർഷകരുടെ റാലി

രാജ്യതലസ്ഥാനത്ത് കനക്കുന്ന കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മഹാരാഷ്ട്രയിലെ 21 ജില്ലകളിലുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ നാസിക്കില്‍ നിന്നും റാലി . 180 കിലോമീറ്റര്‍ താണ്ടി മുംബൈയിലേക്കാണ് ഇവരുടെ മാര്‍ച്ച്.

കൊടികള്‍ ചുഴറ്റിയും ഫ്ലക്സുകള്‍ പിടിച്ചും കര്‍ഷകരുടെ ഒരു വലിയ കൂട്ടം തന്നെ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് മാര്‍ച്ച് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി ചെറിയ സംഘടനകളില്‍ നിന്നും ഒത്തുചേര്‍ന്ന ഈ കര്‍ഷകര്‍ അഖിലേന്ത്യക കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് ചെയ്യുന്നത്. മണിക്കൂറുകള്‍ക്കകം റാലി മുംബൈയിലെത്തും. ശേഷം പ്രശസ്തമായ ആസാദ് മൈദാനില്‍ തിങ്കളാഴ്ച ഇവര്‍ പ്രകടനം നടത്തും. എന്‍.സി.പി നേതാവ് ശരത് പവാര്‍ തിങ്കളാഴ്ച റാലിയില്‍ പങ്കുചേരുമെന്ന് കരുതപ്പെടുന്നു.

കര്‍ഷക സമരത്തിന്‍റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടക്കാനിരിക്കുന്ന ട്രാക്ടര്‍ മാര്‍ച്ചിന് രണ്ട് ദിവസം മുമ്പാണ് നാസിക്കിലെ കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഡല്‍ഹിയിലെ റിങ് റോഡില്‍ ആയിരക്കണക്കിന് ട്രാക്ടറുകള്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷകരുമായുള്ള കേന്ദ്രത്തിന്‍റെ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജപ്പെട്ടിരുന്നു.

error: Content is protected !!