ഡല്‍ഹിയില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു; മെട്രോ അടച്ചു : പലയിടങ്ങളിലും ഗതാഗതം നിരോധിച്ചു

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹി എന്‍സിആര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. സിങ്കു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൌക് തുടങ്ങിയ സ്ഥലങ്ങളിലും ഇന്‍റര്‍നെറ്റ് നിരോധിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘര്‍ഷമുണ്ടായ സ്ഥലങ്ങളിലെ നെറ്റാണ് വിച്ഛേദിച്ചത്.

ഡല്‍ഹിയില്‍ പലയിടങ്ങളിലും ഗതാഗതം നിരോധിച്ചു. ദേശീയപാത 44, 24, ജിടികെ റോഡ്, ഔട്ടര്‍ റിങ് റോഡ്, ജി ടി റോഡ് അടക്കമുള്ള റോഡുകള്‍ അടച്ചു. മെട്രോയുടെ പല സ്റ്റേഷനുകളും അടച്ചു. സെന്‍ട്രല്‍, വടക്കന്‍ ഡല്‍ഹിയിലെ പത്തോളം സ്റ്റേഷനുകളാണ് അടച്ചത്.

അതേസമയം കൂടുതല്‍ കര്‍ഷകര്‍ ചെങ്കോട്ട ലക്ഷ്യമാക്കി നീങ്ങുകയാണ്. നേരത്തെ ട്രാക്ടറുകളുമായെത്തിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ സമര പതാക വീശി. ചെങ്കോട്ടയിലെ മിനാരത്തിന് മുകളിലും കര്‍ഷകര്‍ പതാക ഉയര്‍ത്തി. ചെങ്കോട്ടയില്‍ നിന്നും പൊലീസ് കര്‍ഷകരെ ഒഴിപ്പിക്കുകയാണ്. പൊലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തി വീശി.

ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ മരിച്ചു. കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ഐടിഒ ജങ്ഷനില്‍ പ്രതിഷേധിക്കുകയാണ്. അക്ഷര്‍ധാം വഴി വന്ന സംഘമാണ് ഐടിഒയില്‍ പ്രതിഷേധിക്കുന്നത്.

error: Content is protected !!