പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലീം ലീഗ് നേതാവ് വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി. ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആര്‍ ഡി എസിന് കരാര്‍ കൊടുതത്തില്‍ തന്നെ ക്രമക്കേടുണ്ടന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലില്‍ ഇതിനുള്ള ഗൂഢാലോചന നടന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.

ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യാതിരുന്നിട്ടും ആര്‍ഡിഎസിന് കരാര്‍ ലഭിച്ചതില്‍ ഗൂഢാലോചന ഉണ്ട്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ വന്ന പണവും പാലാരിവട്ടം അഴിമതിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇനിയും അന്വേഷണം ആവശ്യമുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല. കഴിഞ്ഞ മാസം 30 ന് മുന്നു മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്തത്. ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ നിന്ന് ചില രേഖകള്‍ കിട്ടിയിട്ടുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കരാറുകള്‍ക്ക് നിയപരമായ പരിശോധന ആവശ്യമില്ലേയെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. പാലം പണിയുമ്ബോള്‍ കരാര്‍ കമ്ബനിയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് സാധാരണമായ കാര്യം ആണെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞു. കൊച്ചി മെട്രോയ്ക്കും അങ്ങനെ കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ആണ് ഈ തീരുമാനം എടുക്കുന്നത് എന്നും ഇബ്രാഹിം കുഞ്ഞ് ആവര്‍ത്തിച്ചു. അപ്പോള്‍ മന്ത്രി വെറും റബ്ബര്‍ സ്റ്റാംപ് ആണോ എന്ന് കോടതി ആരാഞ്ഞു.

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. താന്‍ ആശുപത്രിയില്‍ ആണെന്ന് അറിയിച്ചിട്ടും പൊലീസ് വീട്ടില്‍ തെരച്ചില്‍ നടത്തി. 22 തരം മരുന്നുകളാണ് താന്‍ കഴിക്കുന്നത്. ഏപ്രില്‍ മുതല്‍ ചികില്‍സയില്‍ ആണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

നിങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നതെന്നും നിങ്ങളുടെ ആവശ്യപ്രകാരം പോയ ആശുപത്രിയും, ഡോക്ടറും അല്ലേ എന്നും കോടതി ചോദിച്ചു. അറസ്റ്റ് ഭയന്ന് അല്ല ആശുപത്രിയില്‍ പോയതെന്നും ജാമ്യം ലഭിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്താല്‍ വീട്ടില്‍ തുടരും എന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കീമോ ചെയ്യുകയാണ്. അത് കഴിഞ്ഞാല്‍ ഒരു സഹായി വേണ്ടി വരും. ജയിലില്‍ ഈ സൗകര്യം ഉണ്ടാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ​

ഗുരുതരമായ ആരോ​ഗ്യപ്രശ്നം ഉണ്ടെന്ന് സമ്മതിക്കുന്നു എന്ന് കോടതി പറഞ്ഞു. നവംബര്‍ 19നു കീമോതെറാപ്പി ഉണ്ടായിരുന്നു. അതിനാല്‍ ആണ് 17 തന്നെ അഡ്മിറ്റ്‌ ആയത്. അതുകൊണ്ട് മാത്രമാണ് 18ന് അന്വേഷണവുമായി സഹകരിക്കാതിരുന്നതെന്നും ഇബ്രാ​ഹിംകുഞ്ഞ് കോടതിയെ അറിയിച്ചു.

error: Content is protected !!