പ്രീയ കവി ടി ഗോപി അന്തരിച്ചു : നോവൽ എഴുതി പൂത്തിയാക്കി,ഈ കൊറോണകാലത്ത് അവസാനമായി ഒന്ന് കാണാനാകാതെ , ഒന്നുപറയാതെ പ്രിയപെട്ടവരുടെ ഗോപി മടങ്ങി

കണ്ണൂർ :
                   “ഏഴുകടലും നീന്തി കടന്നവനാണ് .
                    ഏഴാംകടൽ കഴിഞ്ഞപ്പോഴാണ് ..തളർന്നുപോയത് ..
                    നീന്താനിനി കടലില്ലല്ലോ” …………………

കവി ടി ഗോപി എഴുതിയിട്ട വരികളാണ് . വേദനകളിൽ നിന്നും ഉരുത്തിരിഞ്ഞ അനുഭവ പാഠങ്ങൾ യാഥാർഥ്യ ബോധത്തോടെ അക്ഷരങ്ങളെ ചേർത്തുപിടിച്ച് വായനക്കാർക്ക് നൽകിയ പ്രിയകവി. വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോൾ സ്വന്തം ഗോപിയും ,ഗോപിയേട്ടനുമായി ചേർന്നു നിന്ന പലർക്കും  പറഞ്ഞറിയിക്കാനാവാത്ത നഷ്ട്ടമാണ്.

ക്യാൻസർ രോഗബാധിതനായി വീട്ടിൽ ചികിത്സയിലായിരുന്ന ഗോപിയെ പനി മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂർ ചാലയിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.ക്യാൻസർ ശരീരത്തെ കാർന്നുതിന്നുബോഴും അതിനോട് പോരാടാൻ സർഗാത്മകതയെ കൂട്ടുപിടിച്ച ധൈര്യ ശാലിയായ എഴുത്തുകാരനായിരുന്നു ടി ഗോപി .സ്വന്തം പുസ്തകങ്ങൾ വിറ്റുകിട്ടിയ പണം കൊണ്ടാണ് ഗോപി തൻറെ ചികിത്സ നടത്തിയത്.

“ഹിഗ്വിറ്റയുടെ രണ്ടാം വരവ് “, “പ്രകൃതി മനോഹരി” എന്നിവയാണ് കവിതാ സമാഹാരങ്ങൾ .ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതുതന്നെ ഗോപിയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു . തുടർന്നങ്ങോട്ട് പല സമ്മേളന വേദികളിലും സാഹിത്യ ,സാംസ്‌കാരിക കൂട്ടായ്മകളിലും പുസ്തകവുമായി ഗോപി തന്നെ വിൽപനക്കായി എത്തിയപ്പോൾ കേരളത്തിലെ എഴുത്തുകാരും ,വായനക്കാരും ഈ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു.

തലശ്ശേരിയിൽ ടി കൃഷ്ണൻ ,രേവതി ദമ്പതികളുടെ മകനായി ജനിച്ച ഗോപിക്ക് ചെറുപ്പം മുതൽ കവിതകളോടായിരുന്നു താൽപര്യം .നിയമ ബിരുദധാരിയായായിരുന്ന ഗോപി തലശ്ശേരി ,കൊൽക്കത്ത ,തിരുവനന്തപുരം എന്നിവിടങ്ങളിൽ ജോലി ചെയ്തു. ചിന്ത പുബ്ലികേഷൻസിന്റെ 100 വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കോ ഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.ടി സി ബിന്ദുവാണ് ഭാര്യ ,സിദ്ധാർഥ് കൃഷ്ണ ,കൃതുപർണ എന്നിവരാണ് മക്കൾ .

കണ്ണൂരിന്റെ അശ്രഫും ….ഗോപിയും

എഴുത്തുകൾ തമ്മിലുള്ള ആത്മബന്ധമായിരുന്നു കുറുംകഥകളുടെ രാജകുമാരനായ അന്തരിച്ച കഥാകാരൻ അശ്രഫ് ആഡൂരും ,കവി ഗോപിയും തമ്മിൽ. ഒരു ദിവസം തളർന്നു വീണ അശ്രഫ് വര്ഷങ്ങളോളം കിടപ്പിലായിരുന്നു ,അശ്രഫ് വിടപറഞ്ഞ് ഒരുവർഷം പൂർത്തിയാകുമ്പോൾ ഗോപിയും ഒന്നും പറയാതെ ഇറങ്ങിപ്പോയത് രണ്ടുപേരെയും അടുത്തറിഞ്ഞവർക്ക് താങ്ങാനാവാത്തതാണ് .അതും അവസാനം ഒന്ന് കാണാൻപോലും കഴിയാത്ത കൊറോണ ഭീതിവിതച്ച ഈ കാലത്ത്.

ഇല്ലായ്മകളിൽനിന്നും അക്ഷരങ്ങൾ നൽകിയ പിൻബലം കൊണ്ട് മുഖ്യധാരയിലേക്ക് കണ്ടന്നുവന്നവരാണ് അശ്രഫും, ഗോപിയും .അതുകൊണ്ടുതന്നെ ആഴമേറിയ സൗഹൃദങ്ങൾക്കുടമകളയിരുന്നു രണ്ടുപേരും .ആ സഹൃദങ്ങൾ എഴുത്തിനും ,വായനയ്‌ക്കുമപ്പുറം ജീവിത ഗന്ധി യായിരുന്നു എന്നതാണ് സത്യം.

അശ്രഫ് സൗഹൃദ കൂട്ടായ്‌മയുടെ പ്രഥമ കഥാ പുരസ്‌ക്കാരത്തിനൊപ്പം ഗോപിയുടെ “ഹിഗ്വിറ്റയുടെ രണ്ടാം വരവ് ” എന്ന കൃതിക്ക് പ്രത്യേക പുരസ്‌ക്കാരമായി 25000 രൂപയും നൽകണമെന്ന് തീരുമാനിച്ചിരുന്നു.ഇത് ഏറ്റുവാങ്ങാതെയാണ് ഗോപി യാത്രയായത്. ഗോപിക്ക് ലഭിക്കുന്ന ആദ്യ പുരസ്‌ക്കാരമായിരുന്നു അത്.പുരസ്ക്കാരം ലഭിച്ച വിവരം അറിയിച്ചപ്പോൾ ഗോപിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു”.നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ സന്തോഷിപ്പിക്കുന്നത് “. ഇക്കാര്യം എഴുത്തുകാരനായ ഇയ്യ വളപട്ടണം തൻറെ ഫേസ് ബുക്ക് [പോസ്റ്റിൽ പങ്കുവച്ചു.

ഈ പുരസ്ക്കാരം ഏറ്റുവാങ്ങാതെയാണ് ഗോപി യാത്രയായത്. എഴുത്തിന്റെയും ,സൗഹൃദങ്ങളുടെയും വലിയ ലോകം തീർത്ത അശ്രഫും ….ഗോപിയും മലയാളികളുടെ മനസ്സിൽ ,കണ്ണൂരിന്റെ മനസ്സിൽ എഴുതി പൂത്തിയാക്കാനാവാത്ത കഥയോ ,കവിതയോ ആയി എന്നും നിറഞ്ഞു നിൽക്കും.

സാജു ഗംഗാധരൻ
ന്യൂസ് വിങ്ങ്സ്

error: Content is protected !!