സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മൂന്ന് മാസത്തിനുള്ളില്‍ ഹൈടെക്കാകും: മന്ത്രി സി രവീന്ദ്രനാഥ്

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും മൂന്ന് മാസത്തിനുള്ളില്‍ ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കെ പി ആര്‍ ഗോപാലന്‍ സ്മാരക ഗവ. ഹയര്‍ സെക്കന്റി സ്‌കൂളിനായി നിര്‍മ്മിച്ച ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിലെ കുട്ടികളുടെ എണ്ണം ഇക്കാര്യത്തില്‍ പ്രശ്‌നമല്ല. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പുതുതലമുറയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഓരോ കുട്ടിയുടെയും കഴിവിനെ ചക്രവാളത്തോളം ഉയര്‍ത്തക എന്നതാണ് പുതിയ പാഠ്യപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കനുസരിച്ചുള്ള ഉയരങ്ങളില്‍ ഓരോ കുട്ടിയെയും എത്തിക്കാന്‍ കഴിയണം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള കഴിവ് വിദ്യാര്‍ഥികള്‍ക്കുണ്ട്. അത് വളര്‍ത്തിയെടുക്കാനുള്ള രീതി ശാസ്ത്രമില്ല എന്നുള്ളതാണ് പ്രശ്‌നം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അതാണ് കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളില്‍ അന്വേഷണ പാടവം വളത്തിയെടുക്കുക എന്നതാണ് ഇവരെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാനുള്ള മാര്‍ഗം. ഏറ്റവും നല്ല അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് എന്ന പ്രതീക്ഷ പൊതുജനങ്ങളില്‍ നിലനിര്‍ത്താന്‍ കഴിയണം. ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല വിദ്യാഭ്യാസ നിലവാരവും പൂര്‍ണമായും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. അക്കാദമിക നിലവരത്തിലാണ് ഇനി മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത്. ഇതില്‍ രക്ഷിതാക്കള്‍ക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടി വി രാജേഷ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ പി ഓമന, ജില്ലാ പഞ്ചായത്ത് അംഗം പി പി ഷാജിര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മല ദേവി, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2.5 കോടി രൂപ ഉപയോഗിച്ചാണ് ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 12.5 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് സ്‌കൂളില്‍ നടന്നുവരുന്നത്. ആറ് കോടി രൂപയുടെ രണ്ട് ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്.
kerala school system gonna improve with in hundred days say i

error: Content is protected !!