കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം നാളെ; പ്രതീക്ഷയോടെ യുഡിഎഫ്‌

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നാളെ ചര്‍ച്ചക്കെടുക്കും. യു ഡി എഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന്‍മേല്‍ കാലത്ത് 9 മണി മുതലാണ് അവിശ്വാസ പ്രമേയ ചര്‍ച്ച തുടങ്ങുക. തുടര്‍ന്ന് ഉച്ചയ്ക്ക് പ്രമേയം വോട്ടിനിടും. മൂന്ന് മണിയോടെ ഫലം പുറത്തുവരും. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്.

വികസന മുരടിപ്പ് ഉയര്‍ത്തിക്കാട്ടിയാണ് യു ഡി എഫ് അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച തുടങ്ങുക. എന്നാല്‍ അമൃത് പദ്ധതി, നഗരവികസനം, ആയിക്കര മാര്‍ക്കറ്റ്, കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ്, പട്ടികജാതി വര്‍ഗ്ഗത്തിനുള്ള ഫ്ളാറ്റുകള്‍ എന്നിങ്ങനെയുള്ള 4 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇതിനെ പ്രതിരോധിക്കാനിരിക്കുകയാണ് എല്‍ ഡി എഫ്. 4 വര്‍ഷത്തിനിടെ 300 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായാണ് എല്‍ ഡി എഫിന്റെ അവകാശവാദം.

കോര്‍പറേഷനില്‍ എല്‍ ഡി എഫില്‍ 26 അംഗങ്ങളും യു ഡി എഫില്‍ 27 അംഗങ്ങളുടെയും പിന്തുണയാണുള്ളത്. എല്‍ ഡി എഫിന്റെ ഒരംഗം കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിമതനായി മത്സരിച്ച് ജയിക്കുകയും പിന്നീട് എല്‍ ഡി എഫിനോടൊപ്പം ചേരുകയും ചെയ്ത ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷിന്റെ പിന്തുണയും യു ഡി എഫ് പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെവരുമ്പോള്‍ യു ഡി എഫിന് 28 അംഗങ്ങളുടെ പിന്തുണയാകും. അതേസമയം വിദേശത്തുള്ള യു ഡി എഫ് കൗണ്‍സിലര്‍ നുസ്രത്തിനെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ യു ഡി എഫ് നേതൃത്വം നേരത്തെ തുടങ്ങിയിരുന്നു.

സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് ഹൈക്കോടതി നിദ്ദേശപ്രകാരം നാളെ കോര്‍പറേഷനിലും പരിസരപ്രദേശത്തും പോലീസ് സുരക്ഷയും ഒരുക്കുന്നുണ്ട്. അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കുന്നതിന് മുന്നോടിയായി എല്‍ ഡി എഫ്-യു ഡി എഫ് സ്വന്തം കൗണ്‍സിലര്‍മാരുടെ പ്രത്യേകം പ്രത്യേകം യോഗം വിളിച്ചുകൂട്ടിയിരുന്നു. വോട്ട് ചെയ്യേണ്ട രീതികളും തെറ്റുപറ്റാതിരിക്കാനുള്ള കരുതലുകളും കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് പ്രത്യേക യോഗം ചേര്‍ന്നത്.

error: Content is protected !!