ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളിനെ ഭിഷണിപ്പെടുത്തിയ സംഭവത്തില്‍ 10 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിൻസിപ്പാളിന് നേരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ കോളേജിലെ പത്ത് എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്തു. എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന പ്രിൻസിപ്പൽ ഫൽഗുനന്‍റെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് കേസെടുത്തത്. കോളേജിൽ എബിവിപി യുടെ കൊടിമരം നാട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‍നത്തിന്‍റെ പേരിലാണ് ഭീഷണിയെന്നാണ് പരാതി.

ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എബിവിപി പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തുന്നതായി നേരത്തേ പ്രിന്‍സിപ്പള്‍ വ്യക്തമാക്കിയിരുന്നു. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രിന്‍സിപ്പാള്‍ പറഞ്ഞിരുന്നു.

ക്യാംപസിലെ എബിവിപിയുടെ കൊടിമരം പ്രിന്‍സിപ്പാള്‍ നീക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊടിമരം ക്യാംപസിന് പുറത്തെത്തിച്ച് തിരികെ നടന്നുവരുന്ന പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

error: Content is protected !!