കുട്ടനാട് എടത്വ പള്ളി പെരുന്നാള്‍ ഇന്ന്

ആലപ്പുഴ : പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കുട്ടനാട് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പ്രധാന തിരുനാള്‍ ഇന്ന്. വൈകുന്നേരം നാല് മണിക്ക് വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം ദേവാലയത്തിന് ചുറ്റും നടക്കും. പരമ്പരാഗതമായി തിരുസ്വരൂപം വഹിക്കുന്ന കന്യാകുമാരി, ചിന്നമുട്ടം എന്നിവടങ്ങളിലെ തുറയില്‍ നിന്നുള്ളവരാണ് ഇക്കുറിയും പ്രദക്ഷിണ സമയത്ത് വിശുദ്ധന്റെ രൂപം ചുമലില്‍ എടുക്കുന്നത്.

തമിഴ് ഭക്തജനങ്ങളെക്കൊണ്ട് പള്ളിയും പരിസരവും നിറഞ്ഞിരിക്കുകയാണ്. രാവിലെ അഞ്ചിന് ഫാ. ഇളംഗോയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന തമിഴ് വിശുദ്ധ കുര്‍ബാനയോടെ തിരുനാള്‍ദിന ചടങ്ങുകൾക്ക് തുടക്കമായി . ആറിന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തിലും വൈകുന്നേരം മൂന്നിന് പാളയം കോട്ടൈ രൂപത മെത്രാന്‍ മാര്‍. ജൂഡ് പോള്‍ രാജിന്റെ കാര്‍മിത്വത്തിലും വിശുദ്ധ കുര്‍ബാന നടക്കും.

നാല് മണിക്ക് പള്ളിക്ക് ചുറ്റുമായി നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. ആന്റണി കക്കാപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വിശുദ്ധന്റെ തിരുസ്വരൂപം പള്ളിയ്ക്ക് വലം വെയ്ക്കുമ്പോള്‍ വിശ്വാസികള്‍ തളിര്‍ വെറ്റില തിരുസ്വരൂപത്തില്‍ അര്‍പ്പിക്കും. വികാരി ഫാ. മാത്യു ചൂരവടി, അസ്സി. വികാരിമാരായ ഫാ. വര്‍ഗ്ഗീസ് പുത്തന്‍പുര, ഫാ. തോമസ് വെള്ളാനിക്കല്‍, ഫാ. ഡൊമിനിക് കൊച്ചുമലയില്‍, ഫാ. ജോര്‍ജ്ജ് തൈച്ചേരില്‍, ഫാ. ആന്റണി തോവാരി, ഫാ. ജോസഫ് ചെമ്പിലകം, ഫാ. സെബാസ്റ്റ്യന്‍ കണ്ണാടിപ്പാറ, ഫാ. ജോസഫ് ബംഗ്ലാവുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

കൈക്കാരന്മാരായ ജോര്‍ജ്ജുകുട്ടി തോമസ് പീടികപ്പറമ്പില്‍, മത്തായി ജോസഫ് പരുമൂട്ടില്‍, ലോനപ്പന്‍ തോമസ് തെള്ളിയില്‍, ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു കണ്ടത്തില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ബിനോമോന്‍ ദേവസ്യ പഴയമഠം, മീനു സോബി വാളംപറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജയന്‍ ജോസഫ് പുന്നപ്ര എന്നിവര്‍ നേതൃത്വം നല്‍കും.

ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് പ്ലാസ്റ്റിക് മുക്തമായാണ് പെരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്. നാളെ മുതല്‍ 14-ന് എട്ടാമിടം വരെ നാട്ടുകാരുടെ തിരുനാളാണ്. എട്ടാമിടത്തിന് വൈകുന്നേരം നാലിന് ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയില്‍ മടങ്ങിയെത്തുന്നതോടെ കൊടിയിറങ്ങും. രാത്രി ഒന്‍പതിന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപനമാകും.

 

error: Content is protected !!