“ഏലേലോ” ; ഈ ഗാനം ഒരു ഓര്‍മ്മപ്പെടുത്തലാണ്; പ്രകൃതിയിലേക്ക് മടങ്ങേണ്ടുന്നതിന്റെ ഓർമപ്പെടുത്തൽ

കണ്ണൂർ :  മണ്ണിന്റെ മനസറിയുന്ന പാട്ടിന്റെ പേരായി മാറുകയാണ് “ഏലേലോ ” എന്ന മ്യൂസിക്കൽ ആൽബം. ഒരു ഗാനം മനുഷ്യനെ പ്രകൃതിയോടുപ്പിക്കുന്നു എന്ന വിശേഷണവും ഈ സംഗീത ദൃശ്യാവിഷ്ക്കാരത്തിലുണ്ട്. തുടക്കം മുതലങ്ങോട്ട് ഓരോ മലയാളികളുടെയും ഗൃഹാതുരത ഉണർന്നുന്ന സംഗീതവും അതിനെ പതിൻമടങ്ങ് സന്നിവേശിപ്പിക്കുന്ന ദൃശ്യങ്ങളുമാണ് ഈ സംഗീത ആൽബത്തിലുടനീളം നിറഞ്ഞു നിൽക്കുന്നത്.

കാസർഗോഡ് ജില്ലയിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയാണ് “ഏലേലോ ” പ്രേക്ഷകരിലേക്ക് എത്തിച്ചത്. പ്രവാസികളായ ദമ്പതികളുടെ മകളുടെ കാഴ്ചകൾക്കൊപ്പം ഗ്രാമീണതയുടെയും, കാടിന്റെയും നാട്ടുകാഴ്ചകളുടെയും വലിയ ലോകം തുറന്നിടുകയാണ് “ഏലേലോ “. യൂട്യൂബിൽ റിലീസ് ചെയ്‌ത ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .

ഗ്രാമീണതയുടെ തനത് താളത്തിനൊപ്പം മാനുഷികതയുടെ വായ്ത്താരിയിലൂടെയാണ് ഈ സംഗീതം പ്രേക്ഷകരിലേക്ക് ഒഴുകിയെത്തുന്നത്. സംഗീതത്തിനൊപ്പം പ്രകൃതിയുടെ അഭൗമമായ ഇഴുകി ചേരലുകൾ ഉൾക്കൊള്ളുന്നതാണ് വരികൾ. “മണ്ണ് നമ്പി മരമിരിക്ക് …മരത്തെ നമ്പി കൊമ്പിരിക്ക് …കൊമ്പേ നമ്പി ഇലായിരിക്ക് “…എന്ന വരികൾ പരസ്പരപൂരകമായ പ്രകൃതിയുടെ വിശാലതയാണ് അനുവാചകർക്ക്‌ നൽകുന്നത് .വായ്ത്താരി പാട്ടുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഷിജു അമ്പലത്തറയാണ് ഗാനം ആലപിച്ചത്. ഉള്ളറിഞ്ഞുള്ള ഷിജുവിന്റെ ആലാപനം വ്യത്യസ്ഥ തലത്തിലേക്കാണ് മലയാളിയെ കൂട്ടികൊണ്ടുപോകുന്നത് .

ഉത്തരകേരളത്തിലെ പ്രശസ്ത മ്യൂസിക്‌ ബാന്‍ഡായ സി മേജര്‍ 7 ആണ് ഏലേലോ എന്ന മ്യൂസിക്‌ ആല്‍ബം പുറത്തിറക്കിയത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചും, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റിയുമാണ് ഏലേലോ പ്രേക്ഷകരോട് പങ്ക് വെക്കുന്നത്. കുട്ടികളുടെ കണ്ണിലൂടെ പ്രകൃതിയുടെ വശ്യസൗന്ദര്യം വരച്ചു കാട്ടുകയാണ് ഏലേലോയുടെ ദൃശ്യങ്ങള്‍.

തേജസ് കെ ദാസ് , രോഹിത് രാമകൃഷ്ണന്‍ എന്നിവരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സംഗീത ആല്‍ബത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്യാംറോയ് ആണ്. ദുബായ് ടൂറിസം വകുപ്പ് പുറത്തിറക്കിയ പരസ്യത്തില്‍ ബോളിവുഡ് ഇതിഹാസം ഷാരുഖ് ഖാനോടൊപ്പമുള്ളതടക്കം നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്രത്തില്‍ തിളങ്ങിയിട്ടുള്ള അംകൃത രഷ്മീതാണ് ഏലേലോയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. അമൽ ,ദേവനന്ദ് ,അതിരുദ്ദ് ,അമർദേവ് എന്നീ കുട്ടികളും പ്രധാന വേഷങ്ങളിൽ എത്തുന്നു. സമീപകാലത്തിറങ്ങിയ സംഗീത ആൽബങ്ങളിൽ മലയാളികളുടെ മനസിനെ തൊട്ടുണർത്തിയതും,ചിന്തിപിച്ചതുമായ സംഗീത ദൃശ്യ സമന്വയമാണ് “ഏലേലോ”എന്ന് നിസംശയം പറയാം.

റിപ്പോർട്ട് : സാജു ഗംഗാധരൻ

വീഡിയോ കാണാം

error: Content is protected !!