കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍; ഉണര്‍ന്നിരിക്കുന്ന രോഗിയുടെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു.

കണ്ണൂര്‍: കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതു ജീവന്‍. ‘അവേക്ക് ക്രേനിയോട്ടമി’ എന്ന അത്യപൂര്‍വ്വ ശസ്ത്രക്രിയാ രീതിയിലൂടെ രോഗിയെ മയക്കാതെ തന്നെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു. ട്യൂമറിനെ നീക്കം ചെയ്യാന്‍ സാധാരണയായി നടത്താറുള്ള റേഡിയോ തെറാപ്പിയോ ശസ്ത്രക്രിയ രോഗിയില്‍ പൂര്‍ണ്ണമായും വിജയിക്കാനുള്ള സാധ്യത കാണാഞ്ഞപ്പോഴാണ് ചികിത്സാ രംഗത്ത് അപൂര്‍വ്വമായി മാത്രം നടത്താറുള്ള ‘അവേക്ക് ക്രേനിയോട്ടമി’ ശസ്ത്രക്രിയ ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഡോക്ടര്‍മാര്‍ തിരഞ്ഞെടുത്തത്.

അസഹ്യമായ തലവേദനയുമായി ന്യൂറോളജിസ്റ്റായ ഡോക്ടര്‍ സൗമ്യയെ സമീപിച്ച രോഗിയുടെ തലയിൽ എംആര്‍ഐ സ്‌കാനിങ്ങിലൂടെയാണ് ട്യൂമര്‍ ആണെന്ന് രോഗനിര്‍ണ്ണയം നടത്തിയത്. സാധാരണ നിലയില്‍ ഇതിനുള്ള ചികിത്സ ശസ്ത്രക്രിയയോ റേഡിയോ തെറാപ്പിയോ ആണ്. ട്യൂമര്‍ വലുതായതിനാലും, ശസ്ത്രക്രിയ വഴി പൂര്‍ണ്ണമായി നീക്കം ചെയ്യുവാന്‍ സാധിക്കുന്നതിനാലും രോഗിക്ക് ശസ്ത്രക്രിയ വേണമെന്നുള്ള തീരുമാനം ഡോക്ടര്‍മാരുടെ സംഘം നിര്‍ദ്ദേശിക്കുകയായിരുന്നു.

രോഗിയുടെ തലച്ചോറിന്റെ ഇടതുഭാഗത്താണ് ട്യൂമര്‍ കണ്ടെത്തിയത്. തലച്ചോറിലെ സങ്കീര്‍ണമായ ചില ഭാഗങ്ങളിലുള്ള മുഴകള്‍ നീക്കം ചെയ്യുമ്പോള്‍ കൈകാലുകള്‍ക്ക് തളര്‍ച്ച, കാഴ്ച്ചക്കുറവ്, സംസാരശേഷി നഷ്ടപെടല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ സംഭവിക്കാം. സംസാരശേഷിയെ നിയന്ത്രിക്കുന്ന ”സ്പീച്ച് ഏരിയ’ തലച്ചോറിന്റെ ഇടത് ഭാഗത്താണ്. ഈ മുഴ നീക്കം ചെയ്യുമ്പോള്‍ സ്വാഭാവികമായും രോഗിയുടെ സംസാര ശേഷി നഷ്ടപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലായിരുന്നു. അത് കൊണ്ടാണ് രോഗിയുടെ സംസാരശേഷി നഷ്ടപെടാതെയും ശരീരത്തിന്റെ വലതു ഭാഗം തളര്‍ച്ച വരാതെയും മുഴനീക്കം ചെയ്യുവാനുള്ള ശ്രമകരമായ ദൗത്യം ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഡോക്ടര്‍മാര്‍ ഏറ്റെടുത്ത് അവേക്ക് ക്രേനിയോട്ടമി’ ശസ്ത്രക്രിയ നടത്തിയത്.

തലച്ചോറില്‍ തലയോട്ടി മുറിച്ചുള്ള ശസ്ത്രക്രിയ നടത്തുമ്പോള്‍ രോഗിയെ ബോധം കെടുത്താതെയുള്ള ബ്രെയിന്‍മാപ്പിംഗ്, സ്പീച്ച്മാപ്പിംഗ് എന്നീ സാങ്കേതികവിദ്യകളുപയോഗിച്ച് ശരീരചലനങ്ങള്‍ നിരീക്ഷിച്ചും ഉണര്‍ന്നിരിക്കുന്ന രോഗിയോട് സംസാരിക്കുകയും ചെയ്താണ് ശസ്ത്രക്രിയ നടത്തിയത്. ത്രീഡി നാവിഗേഷന്‍ ടെക്‌നോളജി ഉപയോഗപെടുത്തി ട്യൂമറിലേക്കുള്ള എറ്റവും ആപകട സാധ്യത കുറവുള്ള സര്‍ജ്ജിക്കല്‍ പാതയിലൂടെയാണ് മുഴ നീക്കം ചെയ്തത്.

മികച്ച സാങ്കേതിക തികവും അനുഭവജ്ഞാനികളും പ്രതിഭാശാലികളുമായ ഡോക്ടര്‍മാരുമുള്ള ആശുപത്രികളിലാണ് ഈ ശസ്ത്രക്രിയ നടത്താറുള്ളത്. അത്യപൂര്‍വ്വമായ ഈ ശസ്ത്രക്രിയ പക്ഷേ, ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു. ഇതിന് മുമ്പ് 2015-ല്‍ തിരുവനന്തപുരം കിംസ്, 2016-ല്‍ ആലുവയിലെ രാജഗിരി ഹോസ്പിറ്റല്‍ 2018-ല്‍ എറണാകുളം ജനറല്‍ ആശുപത്രി തുടങ്ങിയിടത്ത് ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കണ്ണൂരില്‍ മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ആസ്റ്റര്‍ മിംസ് ഈ അപൂര്‍വ്വ നേട്ടം നേടിയ ശ്രേണിയിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ന്യൂറോസര്‍ജന്‍ ഡോക്ടര്‍ തരുണ്‍ കൃഷ്ണ, ഡോക്ടര്‍ രമേഷ്‌സി.വി, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍ സുപ്രിയ, ഡോക്ടര്‍ വന്ദന, ഡോ.അനീഷ്, ഡോ.ശരത്ത് എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

error: Content is protected !!